വഖഫ് സ്വത്തുക്കളുടെ വിവരം ഉമീദ് പോര്‍ട്ടലില്‍ ഉടന്‍ അപ്‌ലോഡ് ചെയ്യണമെന്ന ഉത്തരവ് ദുരുദ്ദേശ്യം: വെല്‍ഫെയര്‍ പാര്‍ട്ടി
കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ വഖഫ് സ്വത്തുക്കളുടെ വിവരം ഡിസംബര്‍ അഞ്ചിനകം കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഉമീദ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണമെന്ന ഉത്തരവ് ദുരുദ്ദേശ്യപരമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഇത്തരമൊരു സര്‍ക്കുലര്‍ ഉള്ളതായി അധികമാര്‍ക്കും അറിവില്ല. ഇനി സര്‍ക്കുലറിനെക്കുറിച്ച് അറിയുന്നവരാണെങ്കില്‍പ്പോലും അതിന്റെ വിശദാംശങ്ങളെക്കുറിച്ച് മഹല്ല് / വഖഫ് സ്വത്തുക്കളുടെ അധികാരികളില്‍ അധികമാര്‍ക്കും ധാരണയില്ല. അപ്‌ലോഡിങ് വര്‍ക്ക് എങ്ങനെ ചെയ്യുമെന്ന പരിശീലനം ബന്ധപ്പെട്ടവര്‍ക്ക് നല്‍കാന്‍ വഖഫ് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ടെങ്കിലും വിവരം പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിനായി നിശ്ചയിച്ച ഡിസംബര്‍ അഞ്ചിന് തൊട്ടുതലേന്നാണ് അവ നടത്തുന്നത്. അതുകൊണ്ട് ഒരു കാര്യവുമില്ല.
അടിയന്തരമായി വഖഫ് സ്വത്തുക്കള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അനവധി വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുത്താനായുള്ള ഗൂഢാലോചനയാണ്. ഡിസംബര്‍ അഞ്ചെന്ന തൊട്ടടുത്തുള്ള തീയതിയില്‍ അപ്‌ലോഡ് ചെയ്യപ്പെടാതെ പോകുന്ന സ്വത്തുക്കള്‍ വഖഫ് അല്ലാതെ പ്രഖ്യാപിക്കപ്പെടും. മുസ് ലിം ജനവിഭാഗങ്ങളുടെ സമ്പത്തും സ്വത്തുവകകളും തകര്‍ക്കുകയെന്ന വഖഫ് ഭേദഗതി നിയമത്തിന്റെ ഭാഗമായുള്ള ഗൂഢാലോചന തന്നെയാണ് ഇതിന് പിന്നിലും ഉള്ളത്. ആവശ്യമായ പരിശീലന പരിപാടികള്‍ ഫലപ്രദമായി നടത്തി പോര്‍ട്ടലില്‍ അപ്‌ലോഡിങ് നടത്തുന്നതിനുള്ള മതിയായ സമയവും സാവകാശവും അനുവദിക്കപ്പെടണമെന്നും ഇല്ലെങ്കില്‍ പ്രതിഷേധിക്കുമെന്നും റസാഖ് പാലേരി കൂട്ടിച്ചേര്‍ത്തു.
