വഖ്ഫ് നിയമനം: സര്‍ക്കാര്‍ പണ്ഡിത സംഘടനകളുമായി ചര്‍ച്ചക്ക് തയ്യാറാകണമെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്

Update: 2021-12-03 10:24 GMT

കായംകുളം: വഖ്ഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ മുസ് ലിം പണ്ഡിത സംഘടനകളുമായി ചര്‍ച്ച ചെയ്ത് ഉചിത തീരുമാനത്തിലെത്തണമെന്നും ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വഖ്ഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യല്‍ എന്നത് ഇസ് ലാമിക ശരീഅത്തുമായും മുസ്‌ലിം മത വിശ്വാസവുമായും ബന്ധപ്പെട്ട വിഷയമാണ്. ഇസ് ലാമിക മതനിയമങ്ങളില്‍ അവഗാഹമുള്ള മതപണ്ഡിതരാണ് ഇതില്‍ ആധികാരിക തീരുമാനം പറയേണ്ടത്. ആയതിനാല്‍ ഈ വിഷയം ഒരു രാഷ്ട്രീയ മുതലെടുപ്പിന് വിട്ട് കൊടുക്കരുത്. വഖ്ഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതിലൂടെ സംഭവിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പണ്ഡിത സംഘടനകളുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനത്തിലെത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് സംസ്ഥാന അധ്യക്ഷന്‍ മൗലാനാ പി പി.മുഹമ്മദ് ഇസ്ഹാഖ് ഖാസിമി വ്യക്തമാക്കി. 

ആരെങ്കിലും എന്തെങ്കിലും വഖ്ഫ് ചെയ്താല്‍ അത് അയാളുടെ ഉടമാവകാശത്തില്‍ നിന്നും നീങ്ങി നേര്‍ക്കുനേരെ പടച്ചവന്റെ ഉടമസ്ഥതയില്‍ എത്തിച്ചേരുന്നതാണ്. ആകയാല്‍ വഖ്ഫ് ചെയ്യപ്പെട്ട വസ്തു വില്‍പ്പന നടത്താനോ വഖ്ഫിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് എതിരായി ഉപയോഗിക്കാനോ വഖ്ഫ് ചെയ്ത വ്യക്തിക്കോ ഏതെങ്കിലും സംഘടനകള്‍ക്കോ ഭരണകൂടത്തിനോ അനുവാദമില്ല. ഇപ്രകാരം ചെയ്യുന്നത് ഇസ്‌ലാമിക ശരീഅത്തിനും രാജ്യത്ത് അംഗീകൃതമായ വഖ്ഫ് നിയമങ്ങള്‍ക്കും വിരുദ്ധവും മുസ്‌ലിംകളുടെ മതാവകാശങ്ങളിലും നിയമങ്ങളിലും കൈ കടത്തലുമാണെന്ന് നവംബര്‍ 21 ന് കാണ്‍പൂരില്‍ നടന്ന ഓള്‍ ഇന്ത്യാ മുസ് ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് യോഗം ഐക്യകണ്‌ഠേന അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മൗലാനാ മുഹമ്മദ് ഇസ്ഹാഖ് ഖാസിമി ഓര്‍മിപ്പിച്ചു.

വൈസ് പ്രസിഡന്റുമാരായ ടി.എ.അബ്ദുല്‍ ഗഫാര്‍ കൗസരി, അബ്ദുശ്ശകൂര്‍ ഖാസിമി, ഹാശിം ഹദ്ദാദ് തങ്ങള്‍,മുഹമ്മദ് ശരീഫ് കൗസരി, ഉബൈദുല്ലാഹ് ഖാസിമി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി വി.എച്ച് അലിയാര്‍ ഖാസിമി സ്വാഗതവും സംഘടനാ സെക്രട്ടറി ശംസുദ്ദീന്‍ ഖാസിമി നന്ദിയും പറഞ്ഞു.

Tags: