വഖ്ഫ് ഭേദഗതി അംഗീകരിക്കില്ല: കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ നിരത്തിയത് പച്ചക്കള്ളങ്ങൾ: എസ്ഡിപിഐ

Update: 2025-04-03 12:33 GMT

കോട്ടയം: ആര്‍എസ്എസിന്റെ വംശീയ ഉന്മൂലന ലക്ഷ്യം അടിസ്ഥാനമാക്കി തയ്യാറാക്കിയ വഖ്ഫ് ഭേദഗതി അംഗീകരിക്കില്ലെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വഖ്ഫ് ഭേദഗതിയെ ന്യായീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ നിരത്തിയത് പച്ചക്കള്ളങ്ങള്‍. ഈ ഭേദഗതി രാജ്യത്തിന്റെ ബഹുസ്വരതയെയും അഖണ്ഡതയെയും തകര്‍ക്കുന്നതാണ്. സാമൂഹിക നന്മയും പുരോഗതിയും ലക്ഷ്യമിട്ട് ദാനം ചെയ്ത സ്വത്തുക്കള്‍ നിയമത്തിന്റെ പഴുതിലൂടെ തട്ടിയെടുക്കാനാണ് ഈ ഗൂഢ നീക്കം. കലാപങ്ങളിലൂടെ ന്യൂനപക്ഷങ്ങളുടെ അസ്ഥിത്വം തകര്‍ത്തുകൊണ്ടിരിക്കുന്ന സംഘപരിവാരം അവരെ സാംസ്‌കാരികമായും സാമ്പത്തികമായും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാര്‍ ലക്ഷ്യംവെക്കുന്ന മനുസ്മൃതിയിലധിഷ്ടിതമായ ഏകശിലാ ധ്രുവ രാഷ്ട്രനിര്‍മിതിക്കുള്ള സുപ്രധാന ചുവടുവെപ്പാണിത്. ഒരു വിഭാഗം ദാനം ചെയ്ത സ്വത്തുവകകള്‍ അന്യായമായി തട്ടിയെടുക്കുന്നതിന് എന്തു ന്യായീകരണമാണുള്ളത്. വഖ്ഫ് സ്വത്തുക്കളുടെ കൈകാര്യകര്‍ത്താക്കളായി മുസ് ലിംകളല്ലാത്തവരെ ഏല്‍പ്പിക്കുകയെന്നത് സ്വത്തുക്കള്‍ ആര്‍എസ്എസ് നോമിനികള്‍ വഴി തട്ടിയെടുക്കാനുള്ള തന്ത്രമാണ്. മുസ് ലിംകളിലെ സാധാരണക്കാരെ സഹായിക്കാനാണെന്ന വാദം അടിസ്ഥാന രഹിതവും വഞ്ചനാപരവുമാണ്. ബിജെപി കൊണ്ടുവന്ന ഭീകര നിയമങ്ങളെല്ലാം ഇത്തരം പൊള്ളയായ അവകാശ വാദങ്ങള്‍ ഉന്നയിച്ചായിരുന്നു. ആദ്യം അവതരിപ്പിച്ച കരട് ബില്ലില്‍ നിന്നു വ്യത്യസ്തമായി ആദിവാസിഭൂമിയും ചരിത്രസ്മാരകങ്ങളും വഖഫ് ഭൂമിയാക്കാന്‍ പാടില്ലെന്ന പുതിയ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്തത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. തമിഴ്‌നാട്ടില്‍ 400 ഏക്കര്‍ ക്ഷേത്രഭൂമി വഖ്ഫ് സ്വത്താക്കാന്‍ ശ്രമിച്ചെന്നതുള്‍പ്പെടെ നട്ടാല്‍ കുരുക്കാത്ത നുണകളാണ് ഭരണകക്ഷിക്കാര്‍ ഉന്നയിച്ചത്. ബില്ലിന്റെ ഉറവിടം നാഗപൂരാണെന്ന പ്രതിപക്ഷ കക്ഷികളുടെ ഏകസ്വരത്തിലുള്ള പ്രഖ്യാപനം യാഥാര്‍ഥ്യ ബോധത്തോടെയാണ്. വഖ്ഫ് ഭീകര ഭേദഗതി രാജ്യത്ത് സൃഷ്ടിക്കാന്‍ പോകുന്ന ഗുരുതര ഭവിഷ്ടത്തിനെ തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി ചെറുത്തുനിന്ന പ്രതിപക്ഷ സഖ്യം അഭിനന്ദനമര്‍ഹിക്കുന്നു. കേവല ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ ഏത് ഭീകരനിയമവും വംശീയ താല്‍പ്പര്യവും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാമെന്ന വ്യാമോഹമാണ് ബിജെപിക്ക്. വഖ്ഫ് ഭേദഗതി ഉള്‍പ്പെടെയുള്ള കിരാത നിയമങ്ങള്‍ക്കെതിരേ യോജിച്ച നിയമപോരാട്ടത്തിന് പ്രതിപക്ഷ കക്ഷികളും രാജ്യത്തെ ജനാധിപത്യബോധമുള്ള പൗരസമൂഹവും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും തുളസീധരന്‍ പള്ളിക്കല്‍ അഭ്യര്‍ഥിച്ചു.

Tags: