സൗദിയിലേക്ക് നേരിട്ടുള്ള യാത്ര സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍
കോഴിക്കോട്: കൊവിഡ് പ്രതിസന്ധി മൂലം മടങ്ങിപോകാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള യാത്ര സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി കേന്ദ്ര വിദേശ കാര്യ മന്ത്രിക്ക് കത്തയച്ചു.
ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ബഹ്‌റൈന്‍, നേപ്പാള്‍, മാലി ദ്വീപ് തുടങ്ങിയ രാജ്യങ്ങള്‍ വഴിയായിരുന്നു യാത്ര ചെയ്തിരുന്നത്. എന്നാല്‍ ഈ രാജ്യങ്ങള്‍ എല്ലാം തന്നെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിതിനാല്‍ പ്രവാസികള്‍ പ്രതിസന്ധിയിലാണ്. നേപ്പാള്‍ വഴി സൗദിയിലേക്ക് പോകാന്‍ യാത്ര തിരിച്ച മലയാളികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ പലരും ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. ഇവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപെട്ട് കഴിഞ്ഞ ദിവസം വിദേശ കാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു.
സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ക്വാറന്റൈന്‍ സംവിധാനം ഉള്ളതിനാല്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എയര്‍പ്പോര്‍ട്ടില്‍ തന്നെ കൊവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.