വാളയാര്‍ ആള്‍ക്കൂട്ടക്കൊല; 'ഇത് ഉത്തരേന്ത്യയിലായിരുന്നു മുന്‍പ് കണ്ടത്, കേരളത്തിലേക്ക് വ്യാപിപ്പിക്കാമെന്നാണ് സംഘപരിവാറിന്റെ സ്വപ്‌നം'; മുഖ്യമന്ത്രി

കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും- മുഖ്യമന്ത്രി

Update: 2025-12-24 12:22 GMT

തിരുവനന്തപുരം: പാലക്കാട് വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാംനാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിലാണ് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'കുടുംബത്തെ സംരക്ഷിക്കാനാണ് രാംനാരായണ്‍ കേരളത്തിലെത്തിയത്. രണ്ട് കുട്ടികളും അമ്മയും ഭാര്യയും അടങ്ങുന്ന കുടുംബം ബാഗേല്‍ കൊല്ലപ്പെട്ടതോടെ ആശ്രയമില്ലാത്തവരായി. ആ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 30 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭാര്യയ്ക്കും അമ്മയ്ക്കും അഞ്ചു ലക്ഷം രൂപവീതവും രണ്ട് മക്കള്‍ക്കും പത്തു ലക്ഷം രൂപ വീതവും നല്‍കും. മക്കള്‍ക്കുള്ള 20 ലക്ഷം രൂപ സ്ഥിര നിക്ഷേപമായി നല്‍കും. അതിന്റെ പലിശ കുട്ടികളുടെ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് മാതാവിന് നല്‍കാനും തീരുമാനിച്ചു' മുഖ്യമന്ത്രി പറഞ്ഞു.

'വാളയാറിലെ ഹീനസംഭവത്തിനു പിന്നിലുള്ള മുഴുവന്‍ ആളുകളേയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. പരമാവധി ശിക്ഷ ഉറപ്പുവരുത്താനുള്ള നിയമപരമായ നടപടിയാണ് സ്വീകരിച്ചുവരുന്നത്. പ്രത്യേകാന്വേഷണ സംഘം കേസ് അന്വേഷിച്ചുവരുന്നു. ഫലപ്രദമായ അന്വേഷണം നടക്കും. അപരവിദ്വേഷത്തിന്റെ ആശയത്തില്‍ പ്രചോദിതരായ ഒരുസംഘം ആളുകളാണ് പാലക്കാട് വാളയാറില്‍ രാം നാരായണെ കൊലപ്പെടുത്തിയത്. പ്രതികളില്‍ ചിലര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും വര്‍ഗീയ ചിന്താഗതിയുള്ളവരുമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ നടത്തി വിജയിപ്പിച്ച ആള്‍ക്കൂട്ട ഹിംസയെ കേരളത്തിലേക്ക് പറിച്ചു നടാന്‍ ശ്രമിക്കുകയാണ്. ബംഗ്ലാദേശി കുടിയേറ്റക്കാരന്‍ എന്ന് കൊല്ലപ്പെട്ട ചെറുപ്പക്കാരനെ ചാപ്പകുത്തുകയും ചെയ്തു. ഇത് ഉത്തരേന്ത്യയിലായിരുന്നു മുന്‍പ് കണ്ടത്. അത് കേരളത്തിലേക്ക് വ്യാപിപ്പിക്കാമെന്നാണ് സംഘപരിവാറിന്റെ സ്വപ്നം, മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Tags: