അമിത പിഴയ്ക്കെതിരെ മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം; വാട്ടര്‍ മെട്രോ, ജങ്കാര്‍ സര്‍വീസ് തടസ്സപ്പെട്ടു
കൊച്ചി: വൈപ്പിനില്‍ ബോട്ടിന് അമിതമായ പിഴ ചുമത്തിയെന്നാരോപിച്ച് മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം. 'ജപമാല' എന്ന വള്ളത്തിന് ലൈസന്‍സ് പുതുക്കിയില്ലെന്ന കാരണത്താല്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ രണ്ടര ലക്ഷം രൂപ പിഴ ചുമത്തിയതാണ് പ്രതിഷേധത്തിന് കാരണം.
പിഴയ്ക്ക് എതിരെ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാതെ ബോട്ടുകള്‍ കായലില്‍ നിരത്തി. സമരത്തെ തുടര്‍ന്ന് കൊച്ചി-വൈപ്പിന്‍ വാട്ടര്‍ മെട്രോ സര്‍വീസുകളും ജങ്കാര്‍ സര്‍വീസുകളും തടസ്സപ്പെട്ടു.
പോലിസ് സമരം അവസാനിപ്പിക്കാനും സര്‍വീസുകള്‍ തടസ്സപ്പെടുത്താതിരിക്കാനും ആവശ്യപ്പെട്ടിട്ടും മല്‍സ്യത്തൊഴിലാളികള്‍ പിന്മാറാന്‍ തയ്യാറായില്ല. ''ന്യായമായ പിഴ അടക്കാന്‍ തയാറാണ്, എന്നാല്‍ അമിതമായ പിഴ ഒരിക്കലും സമ്മതിക്കില്ല'' എന്നായിരുന്നു മല്‍സ്യത്തൊഴിലാളികളുടെ നിലപാട്.