ഗഗന്‍യാന്‍ മിഷന് മുന്നോടിയായി ഇന്ത്യ യന്ത്രമനുഷ്യനെ ബഹിരാകാശത്തെത്തിക്കും

കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങ് ട്വീറ്റ് വഴിയാണ് യന്ത്രമനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന കാര്യം അറിയിച്ചത്.

Update: 2020-01-23 02:38 GMT

ന്യൂഡല്‍ഹി: ഗഗന്‍യാന്‍ മിഷന് മുന്നോടിയായി ഐഎസ്ആര്‍ഒ യന്ത്രമനുഷ്യനെ ബഹിരാകാശത്തെത്തിക്കും. വ്യോമിത്രയെന്ന ഹ്യൂമനോയിഡിനെയാണ് ബഹിരാകാശത്തെത്തിക്കുക. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള പദ്ധതിയാണ്‌ ഗഗന്‍യാന്‍.

കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങ് ട്വീറ്റ് വഴിയാണ് യന്ത്രമനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന കാര്യം അറിയിച്ചത്.

ഐഎസ്ആര്‍ഒയുടെ അടുത്ത ആളില്ലാ മിഷനില്‍ വ്യോമിത്രയെ കൂടെ അയയ്ക്കുകയാണ് ചെയ്യുക. മനുഷ്യരുടെ ഒട്ടുമിക്ക ശാരീരികപ്രക്രിയകളും ഈ ഹ്യൂമനോയിഡിനും ഉണ്ട്.

ഒരു പരീക്ഷണമെന്ന നിലയിലാണ് ഹ്യൂമനോയിഡിനെ അയയ്ക്കുന്നതെന്ന് ഐഎസ്ആല്‍ഒ ശാസ്ത്രജ്ഞനെ ഉദ്ധരിച്ച് ചില പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഗഗന്‍യാന്‍ മിഷനില്‍ പങ്കെടുക്കാന്‍ നാല് പേരെ ഐഎസ്ആര്‍ഒ തിരഞ്ഞെടുത്തിട്ടുണ്ട്. അവരെ കൂടുതല്‍ പരിശീലനത്തിനായി ഈ മാസം അവസാനം റഷ്യയിലേക്കയക്കും. അവിടെ പതിനൊന്നുമാസത്തെ പരിശീലനമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുത്തവരുടെ പേരുവിവരങ്ങള്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല.

1984 ല്‍ ഇന്ത്യക്കാരനായ രാകേഷ് ശര്‍മ്മ ബഹിരാകാശത്ത് പോയത് റഷ്യന്‍ വാഹനത്തിലായിരുന്നു. ഇത്തവണ ഇന്ത്യക്കാര്‍ ഇന്ത്യയുടെ വാഹനത്തില്‍ പോകുമെന്ന് ഐഎസ്ആര്‍ഒ മേധാവി ശിവന്‍ പറഞ്ഞു.  

Tags:    

Similar News