ജോജുവിന്റെ പ്രതികരണം സദുദ്ദേശപരമല്ല; നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനൊപ്പം സജീവമായിരുന്നെന്നും വിടി ബല്‍റാം

മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സമരമായിരുന്നെങ്കില്‍ ഇങ്ങനെ ഉണ്ടാകുമായിരുന്നോ. ജോജുവിന്റെ രാഷ്ടീയം എന്താണെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. നിയമസഭാ തിരഞ്ഞെടുപ്പിലൊക്കെ നിരന്തരം സിപിഎമ്മിന് വേണ്ടി പ്രചാരണം നടത്തിയ ആളായിരുന്നു.

Update: 2021-11-02 11:14 GMT

തിരുവനന്തപുരം: നടന്‍ ജോജു ജോര്‍ജ്ജിന്റെ രാഷ്ട്രീയം അറിയാമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനൊപ്പം നിരന്തരം പ്രചരണരംഗത്തായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. എറണാകുളത്ത് ഇന്ധന വില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെയുള്ള ജോജുവിന്റെ പ്രതികരണം സദുദ്ദേശപരമല്ലെന്നും ചാനല്‍ ചര്‍ച്ചക്കിടെ വിടി ബല്‍റാം പറഞ്ഞു.

മാന്യമായ ഇടപെടല്‍ അല്ല ജോജുവിന്റെ ഭാഗത്ത് നിന്നുണ്ടായത്. കാന്‍സര്‍ രോഗിക്ക് പോവാന്‍ വഴി ഒരുക്കണമെന്ന് സൗഹാര്‍ദ്ദപരമായി പറഞ്ഞിരുന്നെങ്കില്‍ വിഷയങ്ങള്‍ ഉണ്ടാകില്ലായിരുന്നു. ജോജു കോണ്‍ഗ്രസ് നേതാക്കളോട് തട്ടിക്കയറുകയായിരുന്നു. പ്രതീക്ഷിക്കാത്ത രീതിയുള്ള പ്രതികരണമാണുമുണ്ടായത്. ശരിയാണോ തെറ്റാണോ എന്ന് ഏകപക്ഷീയമായി ചര്‍ച്ചയിലേക്ക് പോകും മുമ്പ് അതിന്റെ പ്രഭവകേന്ദ്രം അന്വേഷിക്കണം. മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സമരമായിരുന്നെങ്കില്‍ ഇങ്ങനെ ഉണ്ടാകുമായിരുന്നോ. ജോജുവിന്റെ രാഷ്ടീയം എന്താണെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. നിയമസഭാ തിരഞ്ഞെടുപ്പിലൊക്കെ നിരന്തരം സിപിഎമ്മിന് വേണ്ടി പ്രചാരണം നടത്തിയ ആളായിരുന്നു.

ഇങ്ങനെയുള്ള ഒരാള്‍ കോണ്‍ഗ്രസ് സമരത്തില്‍ കയറി പ്രതിഷേധമുണ്ടാക്കുമ്പോള്‍ അത് സദുദ്ദേശപരമാണ് എന്ന് ആര്‍ക്കും തോന്നില്ല. അതുകൊണ്ടായിരിക്കും അവിടെ പ്രശ്‌നങ്ങളുണ്ടായത്. അദ്ദേഹം പോലിസില്‍ പരാതി നല്‍കിയത് കൈയേറ്റം ചെയ്യപ്പെട്ടു എന്നതാണ്. സത്യം അതല്ല. ഉന്തും തള്ളുമൊക്കെയാണുണ്ടായത്. ഇതിന് ശേഷം അദ്ദേഹം പോലിസ് സ്‌റ്റേഷനില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹവുമായി ബന്ധപ്പെട്ട സിനിമാ സുഹൃത്തുകള്‍ എത്തി ഇതൊരു വലിയ ചര്‍ച്ചാ വിഷയമാക്കുന്നു. ഇതിന്റെ പിന്നില്‍ ഒരു ഗൂഢാലോചന ഉണ്ടോ എന്ന് സ്വഭാവികമായും സംശയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News