സമൂഹത്തെ വഴിതെറ്റിക്കുന്ന സിനിമകള്‍ മലയാളത്തിലും എത്തുന്നുണ്ടെന്ന് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ

Update: 2022-07-23 13:07 GMT

മാള: സമൂഹത്തെ വഴിതെറ്റിക്കുന്ന സിനിമകള്‍ മലയാളത്തിലും എത്തുന്നുണ്ടെന്നും അവയെ സമൂഹം തിരിച്ചിറിഞ്ഞ് തിരസ്‌ക്കരിക്കണമെന്നും വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു. മാളയില്‍ മാള അരവിന്ദന്റെ ഏഴാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അരവിന്ദ സ്മരണ 2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാളയില്‍ സ്ഥലം ലഭ്യമാവാത്തതാണ് അരവിന്ദന് സ്മാരകം നിര്‍മിക്കാന്‍ തടസ്സമാകുന്നതെന്നും എംഎല്‍എ പറഞ്ഞു.

മാളയിലെ ജോസഫ് മേരി സാംസ്‌കാരിക കേന്ദ്രത്തില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ ഡോ. രാജു ഡേവീസ് പെരേപ്പാടന്‍ അധ്യക്ഷത വഹിച്ചു.

വിത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ച നീതി കൊടുങ്ങല്ലൂര്‍, കെ സി വര്‍ഗ്ഗീസ്, എ വി തോമസ്, എസ്എസ്എല്‍സിക്ക് മികച്ച വിജയം കൈവരിച്ച അല്‍ന മരിയ എസ് തട്ടകത്ത്, മരിയ ക്ലിഫി എന്നിവരെയും ചടങ്ങില്‍വച്ച് ആദരിച്ചു. ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു.

മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, കുഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സാജന്‍ കൊടിയന്‍, വാര്‍ഡ് മെമ്പര്‍ റഹ്മത്ത് ചൊവ്വര, മാധ്യമ പ്രവര്‍ത്തകന്‍ അജയ് ഇളയത്, സിനിമാതാരം അനൂപ്, ഫൗണ്ടേഷന്‍ സെക്രട്ടറി ഷാന്റി ജോസഫ് തട്ടകത്ത്, ഡേവീസ് പാറേക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Tags: