വോട്ടര്‍ പട്ടിക ക്രമക്കേട്: തൃശ്ശൂരില്‍ വോട്ടര്‍മാരായവരില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ളവരും
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂങ്കുന്നത്തെ ഫ്‌ലാറ്റില്‍ വീട്ടുടമ അറിയാതെ ചേര്‍ത്ത ഒമ്പതു വോട്ടര്‍മാരില്‍ അഞ്ചു പേരും ആലത്തൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍. ഹരിദാസന്‍ മൂത്തടത്ത്,രേവതി മൂത്തേടത്ത്, മുഖിയമ്മ മൂത്തേടത്ത്,സല്‍ജ മൂത്തടത്ത്, മൃദുല വിജയ് എന്നിവരാണ് വ്യാജവോട്ടര്‍മാരായി പേരു ചേര്‍ത്തിരിക്കുന്നത്. ഇതില്‍ ഹരിദാസന്‍ മൂത്തേടത്ത് പ്രാദേശികതലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ചയാളാണ്. ഇവരുടേയൊക്കെ വോട്ട് വേലൂരില്‍ നിന്നു വെട്ടി പൂങ്കുന്നത്ത് ചേര്‍ക്കുകയായിരുന്നു.
എന്നാല്‍ പൂങ്കുന്നത്ത് വോട്ട് ചേര്‍ത്തിനെക്കുറിച്ച് അറിയില്ലെന്നും വോട്ട് ചെയ്തിട്ടില്ലെന്നും ഹരിദാസന്‍ പറഞ്ഞു. എന്നാല്‍, വാര്‍ഡ് അംഗം സി ഡി സൈമണ്‍ പറഞ്ഞത് ആലത്തൂരിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഹരിദാസന്‍ അടക്കമുള്ള ഏതാനും ബിജെപിക്കാരുടെ പേരുകള്‍ വെട്ടിയിട്ടുണ്ടെന്നാണ്. വ്യാജ വോട്ടറായി പേര് ചേര്‍ത്തവരില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവറായ തിരുവനന്തപുരം സ്വദേശിയുടെ പോരുമുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.