പുരാവസ്തു തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അപര്യാപ്തം; സിബിഐ അന്വേഷണം വേണമെന്ന് ആവര്‍ത്തിച്ച് വിഎം സുധീരന്‍

തങ്ങള്‍ക്കൊന്നും മറച്ചുവയ്ക്കാനില്ലെങ്കില്‍ ഇനിയെങ്കിലും സിബിഐ അന്വേഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം

Update: 2021-10-30 05:59 GMT

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്നാവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ അതിരൂക്ഷമായ വിമര്‍ശനം പ്രസ്തുത കേസന്വേഷണത്തിലെ അപാകതകളും അനൗചിത്യവും വീഴ്ചകളും തുറന്നുകാണിക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രമാണിതെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

മോന്‍സനുമായി ബന്ധപ്പെട്ട ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ടു സംരക്ഷണവലയം ഒരുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം യഥാര്‍ത്ഥസ്ഥിതി പുറത്തുകൊണ്ടുവരുന്നതിനും കുറ്റം തെളിയിക്കുന്നതിനും അപര്യാപ്തവും അപ്രായോഗികവുമാണ്. തങ്ങള്‍ക്കൊന്നും മറച്ചുവയ്ക്കാനില്ലെങ്കില്‍ ഇനിയെങ്കിലും സി ബി ഐ അന്വേഷണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്നും സുധീരന്‍ ഫേസ് ബുക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

ഫേസ് ബുക് കുറിപ്പിന്റെ പൂര്‍ണരൂപം

വന്‍ തട്ടിപ്പ് വീരനായ മോന്‍സണ്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ അതിരൂക്ഷമായ വിമര്‍ശനം പ്രസ്തുത കേസന്വേഷണത്തിലെ അപാകതകളും അനൗചിത്യവും അതിഗുരുതരമായ വീഴ്ചകളും തുറന്നുകാണിക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രമാണത്.

മോന്‍സണുമായി ബന്ധപ്പെട്ട ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ടു സംരക്ഷണവലയം ഒരുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം യഥാര്‍ത്ഥസ്ഥിതി പൂര്‍ണമായും പുറത്തുകൊണ്ടുവരുന്നതിനും കുറ്റം തെളിയിക്കുന്നതിനും തികച്ചും അപര്യാപ്തവും അപ്രായോഗികവുമാണ്. സാമാന്യബുദ്ധിയുള്ള ഏവര്‍ക്കും ബോധ്യപ്പെടുന്നകാര്യവുമാണിത്.

ഹൈക്കോടതി നിരീക്ഷണത്തില്‍ സിബിഐ. അന്വേഷണം നടക്കേണ്ടതിന്റെ അനിവാര്യതയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. തങ്ങള്‍ക്കൊന്നും മറച്ചുവയ്ക്കാനില്ലെങ്കില്‍ ഇനിയെങ്കിലും സിബിഐ അന്വേഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.


Tags:    

Similar News