കെഎസ് ബ്രിഗേഡ് ഫാഷിസ്റ്റുകള്‍; സുധാകരന്റെ നേതൃത്വം ഗുണം ചെയ്യില്ലെന്നും വിഎം സുധീരന്‍

സുധാകരനോട് വിയോജിപ്പുള്ളവരെ തേജോവധം ചെയ്യുകയാണ് ആരാധകവൃന്ദം. കെപിസിസി പ്രസിഡന്റ് ഈ തരത്തിലുള്ള ഫാഷിസ്റ്റ് ശൈലി വെച്ചുപുലര്‍ത്തുന്നത് എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്

Update: 2021-11-07 11:00 GMT

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനും മുന്‍ പ്രസിഡന്റ് വിഎം സുധീരനും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു. സുധാകരന്റെ പേരിലുള്ള 'കെ എസ് ബ്രിഗേഡി'ന് ഫാഷിസ്റ്റ് ശൈലിയാണെന്ന് സുധീരന്‍ തുറന്നടിച്ചു. സുധാകരനോട് വിയോജിപ്പുള്ളവരെ തേജോവധം ചെയ്യുകയാണ് ആരാധകവൃന്ദം. കെപിസിസി പ്രസിഡന്റ് ഈ തരത്തിലുള്ള ഫാഷിസ്റ്റ് ശൈലി വെച്ചുപുലര്‍ത്തുന്നത് എതിര്‍ക്കപ്പെടേണ്ടത് തന്നെയാണെന്നും സുധീരന്‍ പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധീരന്റെ വിമര്‍ശനം.

വിയോജിപ്പുണ്ടെങ്കില്‍ മുഖത്ത് നോക്കി സംസാരിക്കുന്നതാണ് തന്റെ ശൈലി. വൈരാഗ്യബുദ്ധിയോടെ ആരോടും പെരുമാറിയിട്ടില്ല. സുധാകരന്റെ ശൈലി കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പോലും ഗുണമല്ല. അവിടെ നാല് എംഎല്‍എമാരുണ്ടായിരുന്നത് രണ്ടായി ചുരുങ്ങി. പരസ്യപ്രസ്താവന നടത്താന്‍ പാടില്ലെന്ന് ആഹ്വാനം ചെയ്ത സുധാകരന്‍ തന്നെ നേതാക്കളെക്കുറിച്ചും സഹപ്രവര്‍ത്തകരെക്കുറിച്ചും പരസ്യമായി പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.

വിഎം സുധീരന്‍ നിഴലിനോട് യുദ്ധം ചെയ്യുകയാണെന്ന് കെ സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. മുതിര്‍ന്ന നേതാക്കളെ കണ്‍സള്‍ട്ട് ചെയ്യുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ സുധാകരന്‍, എഐസിസി സെക്രട്ടറി താരിഖ് അന്‍വറിന്റെ സാന്നിധ്യത്തില്‍ തിരുത്തിയിരുന്നു. താരിഖ് അന്‍വര്‍ വിഎം സുധീരനെ സന്ദര്‍ശിക്കാതിരുന്നത്, സുധാകരന്‍ വിലക്കിയത് കൊണ്ടാണെന്ന് സുധീരന്‍ കരുതുന്നു.

Tags:    

Similar News