മോന്‍സന്റെ തട്ടിപ്പ് സിബിഐ അന്വേഷിക്കണം; സുധാകരന് ഒളിയമ്പുമായി വിഎം സുധീരന്‍

സമൂഹത്തില്‍ പല തലങ്ങളിലുള്ള ഉന്നതരുമായി ബന്ധമുള്ള മോന്‍സണ്‍ തികച്ചും അസാധാരണനായ കുറ്റവാളിയാണ്.

Update: 2021-09-30 08:31 GMT

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരേ ഒളിയമ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. വന്‍ തട്ടിപ്പുവീരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാണ് സുധീരന്റെ ആവശ്യം.

സമൂഹത്തില്‍ പല തലങ്ങളിലുള്ള ഉന്നതരുമായി ബന്ധമുള്ള മോന്‍സണ്‍ തികച്ചും അസാധാരണനായ കുറ്റവാളിയാണ്. പോലിസിലെ അത്യുന്നത ഉദ്യോഗസ്ഥരുമായി ബന്ധമുള്ള മോന്‍സന്റെ പേരിലുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം അപര്യാപ്തമാണ്. മോന്‍സനെതിരായ പ്രഥമവിവര റിപോര്‍ട്ട് ക്രൈംബ്രാഞ്ച് ഒളിപ്പിച്ചതായി മാധ്യമ റിപോര്‍ട്ട് വന്നിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആര്‍. പൊതുരേഖയാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ ലംഘിച്ചുകൊണ്ടാണിത്. അതുകൊണ്ട് വിപുലതലങ്ങളുള്ള ഈ കേസ് സി.ബി.ഐ തന്നെ അന്വേഷിക്കണമെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

അതേസമയം, മോന്‍സന്‍ കേസില്‍ ആരോപണവിധേയനായ കെ സുധാകരനെ വെട്ടിലാക്കുന്നതാണ് സുധീരന്റെ ഫേസ് ബുക് കുറിപ്പ്.

കോണ്‍ഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ടുള്ള അസ്വാരസ്യങ്ങളാണ് സുധീരനെ രാഷ്്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവയ്ക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍, കോണ്‍ഗ്രസ് പുനസംഘടന ചര്‍ച്ചകള്‍ക്കുള്ള എല്ലാ അവസരങ്ങളും സുധീരന് നല്‍കിയിരുന്നുവെന്നും എന്നാല്‍, ആ അവസരങ്ങളൊന്നും അദ്ദേഹം വിനിയോഗിച്ചില്ലെന്നും കെ സുധാകരന്‍ വിമര്‍ശിച്ചിരുന്നു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, തനിക്ക് വീഴ്ച സംഭവിച്ചതായി സുധീരനെ സന്ദര്‍ശിച്ച ശേഷം വ്യക്തമാക്കിയിരുന്നു. സതീശന്റെ ഈ അഭിപ്രായത്തെ തള്ളിയ സുധാകരന്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും സുധീരന്‍ അവസരം വിനിയോഗിച്ചില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് സുധീരന്‍ എഐസിസിയില്‍ നിന്നും രാജിവച്ച് തിരിച്ചടിച്ചിരുന്നു.

കെ സുധാകരന്‍ തട്ടിപ്പുകാരന്‍ മോന്‍സനടുത്ത് ചികില്‍സക്ക് പോയ ചിത്രം പുറത്തുവന്നിരുന്നു. ആരോപണമുയര്‍ന്നതോടെ പ്രതിരോധവുമായി സുധാകരന്‍ രംഗത്തെത്തിയെങ്കിലും മാധ്യമങ്ങളോട് ഇവ്വിഷയത്തില്‍ രോഷാകുലനായാണ് പ്രതികരിച്ചത്. സുധാകരന്‍ പ്രതിരോധത്തിലായ ഈ ഘട്ടത്തിലാണ് പിണങ്ങി നില്‍ക്കുന്ന സുധീരന്‍ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

Tags:    

Similar News