ശശികലയുടെ ജയില്‍ മോചനം: ഈ മാസം 27നെന്ന് അഭിഭാഷകന്‍

Update: 2021-01-20 07:09 GMT
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷ അനുഭവിക്കുന്ന ശശികലയുടെ ജയില്‍ മോചനം ഈ മാസം 27നുണ്ടാകുമെന്ന് അഭിഭാഷകന്‍. 27ന് രാവിലെ ശിക്ഷാകാലാവധി പൂര്‍ത്തിയാകുമെന്ന് ബംഗ്ലൂരു ജയില്‍ അധികൃതരുടെ അറിയിപ്പ് ലഭിച്ചെന്ന് ശശികലയുടെ അഭിഭാഷകന്‍ അറിയിച്ചു.


ബെംഗ്ലൂരു മുതല്‍ ചെന്നൈ വരെ പ്രത്യേക സ്വീകരണ പരിപാടികളാണ് ശശികലയ്ക്കായി നിശയിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കയാണ് ശശികലയുടെ മോചനം. അണ്ണാഡിഎംകെയിലെ ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ് ദിനകരപക്ഷത്തിന്റെ അവകാശവാദം. ശശികലയുടെ മോചനം കണക്കിലെടുത്ത് അണ്ണാഡിഎംകെ 22 ന് പാര്‍ട്ടി ഉന്നതാധികാര യോഗം വിളിച്ചു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് ശിക്ഷ വിധിച്ചത്. സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപയുടെ പിഴ ബംഗ്ലൂരു പ്രത്യേക കോടതിയില്‍ ശശികല അടച്ചിരുന്നു.




Similar News