മട്ടന്നൂരില്‍ കെ കെ ശൈലജയ്ക്ക് പകരം വി കെ സനോജ്, തലശ്ശേരിയില്‍ എ എന്‍ ഷംസീറിന് പകരം കാരായി രാജന്‍; സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണ

Update: 2026-02-26 04:24 GMT

കണ്ണൂര്‍: സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ച ചെയ്ത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്. രക്തസാക്ഷി ഫണ്ട് വിവാദത്തിനിടയിലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്ന് ടി ഐ മധുസൂദനനെ വീണ്ടും മല്‍സരിപ്പിക്കും. പയ്യന്നൂരില്‍ മധുസൂദനനെ മാറ്റുമോ എന്ന കാര്യത്തില്‍ ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ മധുസൂദനനെ മാറ്റിയാല്‍ വി കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശെരിവെക്കുന്നതിന് തുല്യമാകും എന്ന വിലയിരുത്തലിലാണ് ഒരു തവണകൂടി അദ്ദേഹത്തെ മല്‍സരിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് സിപിഎം കടന്നത്. കഴിഞ്ഞതവണ നാല്‍പ്പത്തിനായിരത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടി ഭൂരിപക്ഷത്തില്‍ ജയിച്ച സിപിഎം കോട്ടയാണ് പയ്യന്നൂര്‍.

തലശ്ശേരി മണ്ഡലത്തില്‍ എ എന്‍ ഷംസീറിന് പകരം കാരായി രാജനോ എം വി ജയരാജനോ പരിഗണനയിലുണ്ട്. മട്ടന്നൂരില്‍ കെ കെ ശൈലജയ്ക്ക് പകരം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പി പുരുഷോത്തമന്‍ എന്നിവര്‍ പരിഗണനയിലുണ്ട്. അഴീക്കോട് മണ്ഡലത്തില്‍ കെ വി സുമേഷ് തന്നെ മല്‍സരിക്കും. രണ്ടു തവണ ജയിച്ച എ എന്‍ ഷംസീര്‍, കെ കെ ശൈലജ എന്നിവരുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ബാക്കിയുള്ള മണ്ഡലങ്ങളില്‍ സിറ്റിങ് എംഎല്‍എമാര്‍ക്കാണ് പ്രഥമ പരിഗണന. എം വി നികേഷ് കുമാറിന്റെയും പി ജയരാജന്റെയും പേര് ഒരു മണ്ഡലത്തിലും പരിഗണിച്ചില്ല. കല്യാശ്ശേരിയില്‍ എം വിജിന്‍ വീണ്ടും മല്‍സരിച്ചേക്കും.

തളിപ്പറമ്പില്‍ വനിതാ സ്ഥാനാര്‍ഥിയെ പരിഗണിക്കണമെന്നാണ് ആവശ്യം. കെ കെ ശൈലജ, എന്‍ സുകന്യ, സിപിഎം ജില്ലാ കമ്മിറ്റി അംഗം പി കെ ശ്യാമള എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ശൈലജയെ മല്‍സരിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയാണെങ്കില്‍ തളിപ്പറമ്പില്‍ മല്‍സരിപ്പിക്കാന്‍ സാധ്യതയുണ്ട്. സംസ്ഥാന സമിതി യോഗത്തിന് ശേഷമായിരിക്കും അന്തിമ പട്ടിക അംഗീകരിക്കുക. കണ്ണൂര്‍ സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന് നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കണ്ണൂര്‍, കൂത്തുപറമ്പ് സീറ്റുകളില്‍ ഘടക കക്ഷികള്‍ തന്നെ മല്‍സരിക്കട്ടെന്ന നിലപാടിലാണ് സിപിഎം. മുഖ്യമന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടേയുള്ള കാര്യങ്ങളില്‍ മേല്‍ക്കമ്മറ്റിയാണ് തീരുമാനമെടുക്കുക.

Tags: