കൊവിഡ് വ്യാപനം അപകടകരമായ തലത്തിലേക്കെന്ന് വാക്‌സിനേഷനു വേണ്ടിയുള്ള ദേശീയ വിദഗ്ധ സമിതി ചെയര്‍മാന്‍ വി കെ പോള്‍

Update: 2021-03-31 03:44 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമായതായും അത് മോശം അവസ്ഥയെന്നതില്‍ നിന്ന് അപകടകരമായ അവസ്ഥയിലേക്ക് മാറിയതായി ദശീയ വിദഗ്ധ സമിതി ചെയര്‍മാന്‍ വി കെ പോള്‍. ഇപ്പോഴത്തെ പ്രവണതയനുസരിച്ച് വൈറസ് കൂടുതല്‍ സജീവമാണെന്നു മാത്രമല്ല, നിയന്ത്രിക്കാനാവുമെന്ന് നാം കരുതുമ്പോള്‍തന്നെ അത് തിരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസാണ് രണ്ടാം കൊവിഡ് വ്യപാനത്തിനു കാരണമെന്ന റിപോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു.

കൊവിഡ് നിയന്ത്രണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്. നിയമം ഉപയോഗിക്കുക, അനുസരിക്കാത്തവര്‍ക്ക് പിഴ ചുമത്തുക, മാസ്‌കും സാമൂഹിക അകലവും പാലിക്കുക- ഇതാണ് ഇപ്പോള്‍ ആവശ്യമായത്. സമിതിയുടെ വിലയിരുത്തലനുസരിച്ച് പഞ്ചാബ് ആവശ്യത്തിന് പരിശോധനകള്‍ നടത്തുന്നില്ല. കൊവിഡ് രോഗികളെ ക്വാറന്റീനിലേക്ക് മാറ്റുന്ന നടപടിയും സ്വീകരിച്ചിട്ടില്ല. മഹാരാഷ്ട്രയില്‍ 3.37 ലക്ഷം സജീവ രോഗികളുണ്ട്. മരണം ഫെബ്രുവരി 1ാം തിയ്യതിയിലെ 32ല്‍ നിന്ന് 118 ആയി. കര്‍ണാടക പരിശോധയും ക്വാറന്റീന്‍ നടപടികളും വര്‍ധിപ്പിക്കണമെന്നും വി കെ പോള്‍ പറഞ്ഞു.

ഒരു ജില്ലയായി കണക്കാക്കാമെങ്കില്‍ രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ ഏറ്റവും മുന്നിലുള്ള പത്തു ജില്ലകളില്‍ മുന്നില്‍ ആദ്യത്തേത് ഡല്‍ഹിയാണ്. അതില്‍ എട്ട് ജില്ലകള്‍ മഹാരാഷ്ട്രയില്‍ നിന്നാണ്. രാജ്യത്തെ മരണനിരക്ക് പൊതുവില്‍ കുറവാണ്. എന്നാല്‍ ഇപ്പോള്‍ അത് നാലിരട്ടി കൂടുതലാണ്. 73ല്‍ നിന്ന് 271 ലേക്ക് കൂടിയിരിക്കുകയാണ്. സമ്പര്‍ക്കപ്പെട്ടിക തയ്യാറാക്കല്‍, ക്വാറന്റീന്‍, സമ്പര്‍ക്കവിലക്ക് തുടങ്ങിയവയില്ലാതെ വൈറസിനെ നിയന്ത്രിക്കാനാവില്ല. ഇന്ത്യയില്‍ തദ്ദേശീയമായ ജനിതകമാറ്റം വന്ന വൈറസുണ്ടെന്ന വാദത്തെ വി കെ പോള്‍ തള്ളി. അത്തരം ഭയത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദേശവകഭേദമായ വൈറസുകള്‍ ഇന്ത്യയില്‍ താരതമ്യേന കുറവാണ്. 10 ദേശീയ ലാബുകളില്‍ ശേഖരിച്ച 11,064 ജിനോം സാംപിളുകളില്‍ 807 കേസുകള്‍ ബ്രിട്ടീഷ് വകഭേദമാണ്. 47 എണ്ണം സൗത്ത് ആഫ്രിക്കയില്‍ നിന്നുളളതും ഒന്ന് ബ്രസീലില്‍ നിന്നുളളതുമാണ്.

മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് പരമാവധി നല്‍കാവുന്ന കൊവിഡ് വാക്‌സിന് ഒരു പരിധിയുണ്ടെന്ന് കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് ഏഴ് കൊവിഡ് വാക്‌സിനുകള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നുണ്ട്. കൊവിഷീല്‍ഡിനും കൊവാക്‌സിനും പുറമെയാണ് ഇത്.

കൊവാക്‌സിനും കൊവിഷീല്‍ഡും യുകെ, ബ്രട്ടീഷ് വകഭേദത്തെ പ്രതിരോധിക്കും.

തിങ്കളാഴ്ച 68,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 56,000 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

Tags:    

Similar News