വിഴിഞ്ഞം പദ്ധതി: മല്‍സ്യത്തൊഴിലാളികള്‍ക്ക് ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി

Update: 2022-08-23 12:28 GMT

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുളള ആശങ്കകള്‍ അസ്ഥാനത്താണെന്നും അടിസ്ഥാനരഹിതമായ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ സമ്പദ്ഘടന സ്തംഭനാവസ്ഥയില്‍ നില്‍ക്കട്ടെയെന്ന സമീപനം വികസനവിരുദ്ധം മാത്രമല്ല, ജനവിരുദ്ധം കൂടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വീടുകളില്‍നിന്ന് പുറത്തുപോകേണ്ടിവന്നവരെ ഉടന്‍ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

വിഴിഞ്ഞം പ്രദേശവാസികളെ സംബന്ധിച്ചിടത്തോളം പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെങ്കില്‍ അവ ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിച്ചു മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നത്. ആ ശ്രമം സര്‍ക്കാര്‍ തുടരുക തന്നെ ചെയ്യും. ആ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനു പകരം തുരങ്കംവയ്ക്കുന്ന സമീപനം സ്വീകരിക്കുന്നത് ഭാവിതലമുറയോടുള്ള അനീതിയായി മാറുമെന്ന് ഓര്‍ക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇത്തരമൊരു വലിയ പദ്ധതി വരുമ്പോള്‍ അതിന്റെ ഭാഗമായി സ്വാഭാവികമായും പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അത്തരം ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് യാതൊരു നഷ്ടവും വരുത്താത്ത രീതിയില്‍ അവരുടെ ആകുലതകള്‍ പരിഹരിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയസമീപനം. പദ്ധതി നടപ്പാക്കുമ്പോള്‍ ആരുടെയും ജീവനോപാധിയും പാര്‍പ്പിടവും നഷ്ടപ്പെടില്ല എന്നതാണ് ആ ഉറപ്പ്. അതില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു. അതുകൊണ്ട് എന്ത് പ്രശ്‌നമായാലും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ് ആ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അക്കാര്യത്തില്‍ ഒരു വിമുഖതയും സര്‍ക്കാരിനെ സംബന്ധിച്ചില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി.

വീട് നഷ്ടപ്പെട്ട കുറച്ച് കുടുംബങ്ങള്‍ സ്‌കൂളുകളിലും ഗോഡൗണുകളിലുമായി നിലവില്‍ താമസിക്കുന്ന സ്ഥിതിവിശേഷമുണ്ട്. 192 കുടുംബങ്ങള്‍ക്ക് വലിയതുറ ഗ്രൗണ്ടില്‍ ഫളാറ്റ് നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കിയിരുന്നു. എന്നാല്‍, അവിടെയുള്ള പ്രാദേശികമായ ചില ആവശ്യങ്ങള്‍ കാരണം നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. വീട് നഷ്ടപ്പെട്ടവരെ വാടക നല്‍കി പുനരധിവസിപ്പിക്കുന്ന കാര്യം പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. വാടക നിശ്ചിയിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News