വിഴിഞ്ഞം അദാനി തുറമുഖ ഉപരോധം: നാളെ മുതല്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം

സമരക്കാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ മന്ത്രിസഭാ ഉപസമിതി യോഗം ചേരും

Update: 2022-08-21 07:46 GMT

തിരുവനന്തപുരം: വിഴിഞ്ഞം അദാനി തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള തുറമുഖ വിരുദ്ധ സമരം നാളെ മുതല്‍ കൂടുതല്‍ തീവ്രമാവും. കടല്‍ മാര്‍ഗവും നാളെ വിഴിഞ്ഞം തുറമുഖം ഉപരോധിക്കാനാണ് സമര സമിതിയുടെ തീരുമാനം. പൂന്തുറ ഇടവകയുടെ നേതൃത്തിലാണ് കടല്‍ മാര്‍ഗം നാളെ തുറമുഖം വളയുക. ചെറിയതുറ, സെന്റ്‌സേവ്യഴ്‌സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തില്‍ മുല്ലൂരിലെ തുറമുഖ കവാടവും ഉപരോധിക്കും.

ഇതിനിടെ, സമരക്കാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രിസഭാ ഉപസമിതിനാളെ യോഗം ചേരും. പുനരധിവാസത്തിനായി കൂടുതല്‍ ഭൂമി കണ്ടെത്തുന്നതും ക്യാമ്പുകളിലുള്ളവരെ വാടക വീടുകളിലേക്ക് മാറ്റുന്നതും അടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നത് ഉപസമിതി ചര്‍ച്ച ചെയ്യും.

ആറാം ദിവസമായ ഇന്നും വിഴിഞ്ഞത്തെ സമരമുഖം സജീവമാണ്. മതാധ്യാപകരുടെ നേതൃത്വത്തില്‍ സമരവേദിയില്‍ പ്രാര്‍ത്ഥനാദിനം ആചരിച്ചാണ് സമരം. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ എല്ലാ മതബോധന കേന്ദ്രങ്ങളിലെയും അധ്യാപകരുടെ നേതൃത്വത്തിലാണ് ഇന്ന് സമരവേദിയില്‍ പ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസവും ബാരിക്കേഡുകള്‍ തകര്‍ത്ത് സമരക്കാര്‍ പദ്ധതി പ്രദേശത്തിനകത്തേക്ക് കയറി കൊടി നാട്ടിയിരുന്നു.

നേരത്തെ ഫിഷറീസ് മന്ത്രിയുമായി ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ അഞ്ച് ആവശ്യങ്ങളില്‍ സമവായത്തിലെത്തിയിരുന്നു. മന്ത്രിതല ചര്‍ച്ചയില്‍ തൃപ്തിയുണ്ടെങ്കിലും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച നടക്കും വരെ സമരം തുടരാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം.

തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തുക, സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുക എന്നീ ആവശ്യങ്ങളിലാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താനാണ് സമര സമിതി ഒരുങ്ങുന്നത്. 

Tags:    

Similar News