വിസ്മയ കേസ്;ഭര്‍ത്താവ് കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി

ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്

Update: 2022-03-02 08:37 GMT
ന്യൂഡല്‍ഹി:സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍, പ്രതിയും ഭര്‍ത്താവുമായ കിരണ്‍കുമാറിനു ജാമ്യം അനുവദിച്ച് സുപ്രിംകോടതി.ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഏഴ് ദിവസത്തെ ജാമ്യത്തിനായാണ് കിരണ്‍ കുമാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.വിസ്മയ കേസില്‍ വിചാരണ അന്തിമഘട്ടത്തിലേക്കു കടക്കുന്ന സാഹചര്യത്തിലാണു ജാമ്യം നല്‍കിയത്.

2021 ജൂണ്‍ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.വിസ്മയയുടെ മരണത്തിനു പിന്നാലെ അസി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന വിസ്മയയുടെ ഭര്‍ത്താവ് എസ് കിരണ്‍കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ആദ്യം ഇയാളെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് സര്‍ക്കാര്‍ പിരിച്ചുവിടുകയും ചെയ്തു.

സ്ത്രീധനത്തിന്റെ പേരില്‍ കിരണ്‍ മകളെ മര്‍ദിക്കുമായിരുന്നെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍നായര്‍ കോടതിയില്‍ മൊഴി നല്‍കി. മകള്‍ക്ക് എന്തുകൊടുക്കുമെന്ന് കിരണിന്റെ പിതാവ് വിവാഹം ഉറപ്പിക്കുന്ന സമയത്ത് തന്നോടു ചോദിച്ചു.101 പവന്‍ സ്വര്‍ണവും 1.2 ഏക്കര്‍ സ്ഥലവും കാറും നല്‍കാമെന്നു പറഞ്ഞു. കൊവിഡ് കാരണം 80 പവന്‍ നാല്‍കാനേ കഴിഞ്ഞുള്ളൂ. വിവാഹത്തിന്റെ തലേന്നു വീട്ടിലെത്തിയ കിരണ്‍ വേറെ കാര്‍ വേണമെന്നു വിസ്മയയോടു പറഞ്ഞു. ആഭരണം ലോക്കറില്‍ വയ്ക്കാനായി തൂക്കിയപ്പോള്‍ അളവില്‍ കുറവു കണ്ട് വിസ്മയയെ ഉപദ്രവിച്ചു. കിരണ്‍ തന്നെ ഫോണില്‍ വിളിച്ചപ്പോള്‍ വീട്ടില്‍ കൊണ്ടുപോകണമെന്നു കരഞ്ഞു കൊണ്ടു വിസ്മയ പറഞ്ഞതായും പിതാവ് വെളിപ്പെടുത്തിയിരുന്നു.

Tags:    

Similar News