വിശാല്‍ വധക്കേസ്: കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ സംഘ്പരിവാരം നുണപ്രചരിപ്പിക്കുന്നതായി പോപുലര്‍ ഫ്രണ്ട്
കായംകുളം: ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടയില്‍ എബിവിപി നേതാവ് വിശാല്‍ കൊല്ലപ്പെട്ട കേസില്‍ സ്വതന്ത്രമായ വിചാരണയെ തടസ്സപ്പെടുത്താന്‍ സംഘ്പരിവാരം ഗൂഢനീക്കങ്ങള്‍ നടത്തുന്നുവെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കായംകുളം ഡിവിഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പോപുലര്‍ ഫ്രണ്ടിനെതിരേ സംഘ്പരിവാര്‍ നുണപ്രചാരണം നടത്തുകയും കള്ളക്കേസ് ഉണ്ടാക്കാനും ശ്രമിക്കുകയാണ്.
ക്രിസ്ത്യന്‍ കോളജിലെ വിദ്യാര്‍ഥി അല്ലാതിരുന്ന വിശാലിന്റെ നേതൃത്വത്തിലായിരുന്നു അവിടെ സംഘര്‍ഷങ്ങള്‍ അരങ്ങേറിയത്. തന്റെ കൈവശമുണ്ടായിരുന്ന ആയുധംകൊണ്ടുതന്നെ മുറിവേറ്റ നിലയിലാണ് വിശാല്‍ കൊല്ലപ്പെട്ടത്. സ്വതന്ത്രവും സുതാര്യവുമായ വിചാരണയിലൂടെ ഇതിന്റെ സത്യാവസ്ഥ പുറത്തുവരുമെന്ന ഘട്ടത്തില്‍ സാക്ഷിക്കു നേരെ ആക്രമണശ്രമമെന്ന നുണപ്രചാരണവുമായി സംഘ്പരിവാര നേതാവുകൂടിയായ അഭിഭാഷകന്‍ രംഗത്തുവന്നിരിക്കുകയാണ്. സ്വതന്ത്രമായ കോടതി നടപടികളെ സംഘ്പരിവാരം ഭയപ്പെടുന്നതിന്റെ തെളിവാണിത്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സമയത്ത് പോപുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യമില്ലാത്ത സ്ഥലത്ത്, ബിജെപി ഓഫിസിനു സമീപത്ത് നടന്നുവെന്ന് പ്രചരിപ്പിക്കപ്പെടുന്ന സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ച് പുറത്തുകൊണ്ടുവരാന്‍ പോലിസ് തയ്യാറാവണം. സംഘപരിവാര കേന്ദ്രങ്ങളില്‍ നിന്നുള്ള ആസൂത്രിതമായ കലാപശ്രമങ്ങളെ കരുതിയിരിക്കണമെന്നും ഡിവിഷന്‍ കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.
സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ജന്മഭൂമി ദിനപത്രം, അഡ്വ. പ്രതാപ് ജി പടിക്കല്‍ എന്നിവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളുമെന്നും കമ്മറ്റി അറിയിച്ചു. പ്രസിഡന്റ് ബി നൗഷാദ് അറിയിച്ചു.
