പാലക്കാട് സിനിമാ സെറ്റിലെ അക്രമം; ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍

കടമ്പഴിപ്പുറം സ്വദേശികളായ 5 ബിജെപി പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.

Update: 2021-04-10 16:07 GMT
പാലക്കാട്: ഹിന്ദു മുസ്‌ലിം പ്രണയകഥ പ്രമേയമാക്കിയ സിനിമയുടെ ചിത്രീകരണം തടയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത വര്‍ഗ്ഗീയവാദികളെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. കടമ്പഴിപ്പുറം സ്വദേശികളായ 5 ബിജെപി പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. കടമ്പഴിപ്പുറം സുബ്രഹ്മണ്യന്‍, ബാബു, ശ്രീജിത്ത്, സച്ചിദാനന്ദന്‍, ശബരീഷ് എന്നിവരാണ് പ്രതികള്‍. അതിക്രമിച്ച് കടക്കല്‍, നിയമ വിരുദ്ധമായി സംഘം ചേരല്‍ , അക്രമം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് നടപടി.


ശനിയാഴ്ച രാവിലെ പാലക്കാട് കടമ്പഴിപ്പുറത്തിനടുത്ത് വായില്ല്യാംകുന്ന് ക്ഷേത്രപരിസരത്ത് സംഭവം. നീയാ നദി എന്ന സിനിമയുടെ ചിത്രീകരണമാണ് ബിജെപി പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയത്. സിനിമാ ചിത്രീകരണത്തിന് എതിരെ ഇവര്‍ സാമൂഹ്യ മാധ്യമങ്ങളിലും പ്രചാരണം നടത്തിയിരുന്നു. ഹിന്ദു മുസ്‌ലിം പ്രണയ കഥ പ്രമേയമാക്കിയ സിനിമ ഒരിടത്തും ചിത്രീകരിക്കാന്‍ അനുമതി നല്‍കില്ലെന്ന് ഇവര്‍ ഭീഷണി മുഴക്കിയതായി സിനിമാ പ്രവര്‍ത്തകര്‍ പറഞ്ഞു. വര്‍ഗ്ഗീയവാദികളുടെ ആക്രമണത്തില്‍ ചിത്രീകരണ സംഘത്തിലുള്ള കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.




Tags:    

Similar News