വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്കെതിരെ അതിക്രമം; അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അംഗം ദീപക് ശര്‍മ്മ അറസ്റ്റില്‍

Update: 2024-03-31 06:59 GMT

പനാജി: വനിതാ ഫുട്‌ബോള്‍ താരങ്ങളെ ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ച സംഭവത്തില്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എ.ഐ.എഫ്.എഫ്) എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം ദീപക് ശര്‍മ്മയെ അറസ്റ്റ് ചെയ്ത് ഗോവന്‍ പോലിസ്. മാര്‍ച്ച് 28 നായിരുന്നു സംഭവം. ഗോവയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വനിതാ ലീഗിനിടെ മദ്യപിച്ചെത്തി ഹോട്ടലില്‍ അതിക്രമിച്ച് വനിതാ താരങ്ങളെ മര്‍ദ്ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന രണ്ട് വനിതാ താരങ്ങളുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഹിമാചല്‍ പ്രദേശ് ആസ്ഥാനമായുള്ള ഖാദ് എഫ്‌സിയിലെ താരങ്ങളാണ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും ഗോവന്‍ ഫുട്‌ബോള്‍ അസ്സോസിയേഷനും പരാതി നല്‍കിയത്. ഹിമാചല്‍ ഫുട്‌ബോള്‍ അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ് അറസ്റ്റിലായ ദീപക് ശര്‍മ്മ. സ്ത്രീക്ക് നേരെ ബലപ്രയോഗം നടത്തല്‍, മുറിവേല്‍പ്പിക്കല്‍, മറ്റ് കുറ്റങ്ങള്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.






Tags: