വിനയ് പ്രകാശ് ട്വിറ്ററിന്റെ പരാതി പരിഹാര ഓഫിസര്‍

Update: 2021-07-11 07:24 GMT

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമ കമ്പനിയായ ട്വിറ്റര്‍ ഇന്ത്യ പരാതി പരിഹാര ഓഫിസറെ നിയമിച്ചു. ഇന്ത്യയില്‍ സ്ഥിരതാമസമുള്ള വിനയ് പ്രകാശിനെയാണ് കമ്പനി നിയമിച്ചത്. ഇന്ത്യയിലെ ഐടി നിയമത്തിനനുസരിച്ച് നയരൂപീകരണം നടത്തണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് മാസങ്ങളായി ട്വിറ്ററും ഐടി മന്ത്രാലയവും തമ്മില്‍ സംഘര്‍ഷം തുടരുന്നതിനിടയിലാണ് നിയമനം.

50 ലക്ഷം ഉപഭോക്താക്കളില്‍ കൂടുതലുള്ള സാമൂഹികമാധ്യമങ്ങള്‍ ഇന്ത്യയില്‍ സ്ഥിരതാമസക്കാരനായ പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും അതിനൊരു ഓഫിസ് സജ്ജീകരിക്കണമെന്നുമുള്ളതാണ് ഐടി നിയമത്തിലെ പ്രധാന നിര്‍ദേശം.

പരാതി പരിഹാര ഓഫിസറെ നിയമിക്കാന്‍ എട്ടാഴ്ച വേണമെന്നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ട്വിറ്റര്‍ ആവശ്യപ്പെട്ടിരുന്നത്. തങ്ങള്‍ ഇന്ത്യന്‍ ഐടി നിയമം അനുസരിക്കുന്നതിന്റെ ഭാഗമായി നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും കോടതിയെ അറിയിച്ചിരുന്നു.

എന്നാണ് പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാനാവുക എന്ന് ജൂലൈ 8നകം അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കേന്ദ്രം ട്വിറ്ററിന് വേണ്ട സമയം നല്‍കിയിരുന്നെന്നും പക്ഷേ, കമ്പനി ഉപേക്ഷ കാണിക്കുന്നുവെന്നും കോടതി വിമര്‍ശിച്ചിരുന്നു.