വിളയോടി ശിവന്‍കുട്ടിയുടെ അന്യായ അറസ്റ്റ്: ഇടതു സര്‍ക്കാര്‍ സ്റ്റാലിനിസം നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നവരെയും വിദ്വേഷം പ്രചരിപ്പിക്കുന്നവരെയും അവരുടെ ആസ്ഥാനത്ത് ചെന്ന് അഭിവാദ്യം അര്‍പ്പിക്കുന്ന സര്‍ക്കാര്‍, പ്രസംഗം കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളില്‍ കുറ്റാരോപിതനെ അറസ്റ്റുചെയ്യാന്‍ മാത്രം കാര്യക്ഷമത കാണിക്കുന്നതിന്റെ താല്‍പ്പര്യം പൊതുസമൂഹത്തിന് അറിയേണ്ടതുണ്ട്.

Update: 2021-09-24 11:57 GMT

തിരുവനന്തപുരം: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റുമായ വിളയോടി ശിവന്‍കുട്ടിയെ അന്യായമായി അറസ്റ്റുചെയ്ത പോലിസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും ഇടതുസര്‍ക്കാര്‍ സംസ്ഥാനത്ത് സ്റ്റാലിനിസം നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി.

രണ്ടു ദിവസം മുമ്പ് നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതെന്നാണ് അറിയുന്നത്. സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നവരെയും വിദ്വേഷം പ്രചരിപ്പിക്കുന്നവരെയും അവരുടെ ആസ്ഥാനത്ത് ചെന്ന് അഭിവാദ്യം അര്‍പ്പിക്കുന്ന സര്‍ക്കാര്‍ പ്രസംഗം കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളില്‍ കുറ്റാരോപിതനെ അറസ്റ്റുചെയ്യാന്‍ മാത്രം കാര്യക്ഷമത കാണിക്കുന്നതിന്റെ താല്‍പ്പര്യം പൊതുസമൂഹത്തിന് അറിയേണ്ടതുണ്ട്.

ബിഷപ്പിന്റെ വര്‍ഗീയ പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ് ശിവന്‍കുട്ടിയുടെ അറസ്റ്റ്. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പോലിസ് അതിക്രമങ്ങള്‍ക്കും എതിരേ പോരാടുന്നതിന്റെ പേരില്‍ ശിവന്‍കുട്ടി ഭരണകൂടത്തിന്റെയും പോലിസിന്റെയും കണ്ണിലെ കരടാണ്. തടവറകള്‍ സൃഷ്ടിച്ച് പോരാട്ടങ്ങളെ തടയാമെന്നത് സ്റ്റാലിനിസത്തിന്റെയും ഫാഷിസത്തിന്റെയും രീതിയാണ്. എന്നാല്‍ അത്തരം തടവറകളെ ഭേദിച്ച് ജനാധിപത്യവും പൗരാവകാശവും സംരക്ഷിച്ച ചരിത്രമാണുള്ളതെന്ന് ഇടതു സര്‍ക്കാര്‍ തിരിച്ചറിയണം. അന്യായമായി അറസ്റ്റുചെയ്ത വിളയോടി ശിവന്‍ കുട്ടിയെ ഉടന്‍ വിട്ടയയ്ക്കണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News