ചെന്നൈ: തനിക്കെതിരെ എക്സില്‍ പ്രത്യക്ഷപ്പെട്ട ലൈംഗിക ചൂഷണ ആരോപണം നിഷേധിച്ച് നടന്‍ വിജയ് സേതുപതി. തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആരുടെയോ പ്രവൃത്തിയായിട്ടാണ് ആരോപണങ്ങള്‍ കാണപ്പെടുന്നതെന്നും അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ തന്നെ ബാധിക്കില്ലെന്നും വിജയ് സേതുപതി പറഞ്ഞു. ആരോപണത്തിനെതിരെ സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ടെന്നും നടന്‍ പ്രതികരിച്ചു.
എന്നെ അകലെ നിന്ന് അറിയാവുന്ന ആര്‍ക്കും ഇത് കേട്ട് ചിരി വരും. എനിക്കും എന്നെ അറിയാം. ഇത്തരത്തിലുള്ള വൃത്തികെട്ട ആരോപണങ്ങള്‍ എന്നെ അസ്വസ്ഥനാക്കില്ല. എന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും അസ്വസ്ഥരാണ്. പക്ഷേ 'ഇത് അങ്ങനെയാകട്ടെ. ഈ സ്ത്രീ ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നത്. അവര്‍ക്ക് പ്രശസ്തിയുടെ ഏതാനും നിമിഷങ്ങള്‍ മാത്രമേയുള്ളൂ. അവര്‍ അത് ആസ്വദിക്കട്ടെ എന്ന് അവരോട് പറയും' എന്ന് വിജയ് പറഞ്ഞു.
ഉപയോക്താവിനെതിരെ സൈബര്‍ കുറ്റകൃത്യ പരാതി നല്‍കിയിട്ടുണ്ടെന്നും അത്തരം അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ തന്നെ ബാധിക്കില്ലെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. 'ഏഴു വര്‍ഷമായി പലതരം അപവാദപ്രചാരണങ്ങളും ഞാന്‍ നേരിടുന്നുണ്ട്. ഇതുവരെ അത്തരമൊന്ന് എന്നെ ബാധിച്ചിട്ടില്ല. ഇനി ഒരിക്കലും ബാധിക്കുകയുമില്ല' അദ്ദേഹം പറഞ്ഞു.
തന്റെ പുതിയ ചിത്രമായ 'തലൈവന്‍ തലൈവി'യുടെ വിജയവുമായി ആരോപണങ്ങള്‍ ബന്ധപ്പെട്ടിരിക്കാമെന്ന് നടന്‍ അഭിപ്രായപ്പെട്ടു. രമ്യ മോഹന്‍ എന്ന എക്‌സ് ഉപയോക്താവാണ് പരാതി നല്‍കിയത്. വിജയ് തനിക്ക് പരിചയമുള്ള ഒരു പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു വെളിപ്പെടുത്തല്‍.
