വിജയ് പി നായര്‍ക്ക് മര്‍ദ്ദനം: ഭാഗ്യലക്ഷ്മിയെയും കൂടെയുള്ളവരെയും അറസ്റ്റ് ചെയ്യാന്‍ നീക്കം
കോടതി തീരുമാനം വന്നതിന് പിന്നാലെ പ്രതികളുടെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും മൂന്നുപേരും വീട്ടിലുണ്ടായിരുന്നില്ല.
തിരുവനന്തപുരം: യുട്യൂബര്‍ വെള്ളായണി സ്വദേശി വിജയ് പി നായരെ താമസസ്ഥലത്തെത്തി കൈയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെയും മറ്റു രണ്ടുപേരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയതോടെയാണ് ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തീരുമാനിച്ചത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികള്‍ നിയമം കൈയ്യിലെടുത്തു എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. സംസ്‌കാരമുള്ള പ്രവൃത്തിയല്ല പ്രതികള്‍ ചെയ്തതെന്നും നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും സെഷന്‍സ് കോടതി പറഞ്ഞു. ഒരാളെ പരസ്യമായി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കപ്പെടുമെന്നും നിയമം കൈയ്യിലെടുക്കാന്‍ പ്രേരണയാകുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കോടതി ഇത് അംഗീകരിക്കുകയായിരുന്നു. കോടതി തീരുമാനം വന്നതിന് പിന്നാലെ പ്രതികളുടെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും മൂന്നുപേരും വീട്ടിലുണ്ടായിരുന്നില്ല.
അതേസമയം, ഭാഗ്യലക്ഷ്മി ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. സ്ത്രീകള്‍ക്കെതിരെ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയ വീഡിയോ വിജയ് പി നായര്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്തതിന് പ്രതികാരമായി ഇയാളെ ഗാന്ധാരിയമ്മന്‍ കോവിലിന് അടുത്തുള്ള താമസസ്ഥലത്ത് എത്തി ഭാഗ്യലക്ഷ്മിയും മറ്റു രണ്ടു പേരും കൈയ്യേറ്റം ചെയ്തു എന്നാണ് കേസ്. കഴിഞ്ഞമാസം 26നാണ് സംഭവം നടന്നത്.