മലപ്പുറം നഗരസഭാ എന്‍ജിനീയറുടെ ഓഫീസില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന; കരാറുകാരില്‍ നിന്ന് 74,000 രൂപ പിടിച്ചെടുത്തു
മലപ്പുറം: ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കുന്ന മലപ്പുറം നഗരസഭാ എന്‍ജിനീയറുടെ ഓഫീസില്‍ വിജിലന്‍സ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ കരാറുകാരില്‍ നിന്ന് 74,000 രൂപ പിടിച്ചെടുത്തു. പി ടി ബാബുവിന്റെ ഓഫീസില്‍ ഇന്നലെ രാത്രി 7.30ഓടെയാണ് പരിശോധന നടന്നത്. നഗരസഭ എന്‍ജിനീയറിങ് വിഭാഗം ഓഫീസ് രാത്രി വൈകിയും പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം സ്ഥലത്തെത്തിയത്. പരിശോധന സമയത്ത് ഉദ്യോഗസ്ഥന്‍ ബില്ലുകളില്‍ ഒപ്പിടുകയായിരുന്നുവെന്നാണ് വിജിലന്‍സ് അധികൃതര്‍ വ്യക്തമാക്കിയത്. ഒപ്പിടല്‍ നടപടിക്കായി ഓഫീസിലുണ്ടായിരുന്ന നാലു കരാറുകാരില്‍ നിന്നാണ് പണം കണ്ടെത്തിയത്.
പെന്‍ഡിങ് ബില്ലുകളില്‍ ഒപ്പിടാമെന്ന് അറിയിച്ചാണ് എന്‍ജിനീയര്‍ കരാറുകാരെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതേസമയം, ഉദ്യോഗസ്ഥന്റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി ഒരു സ്വകാര്യ ഹോട്ടലില്‍ വിരുന്ന് ഒരുക്കിയിരുന്നതായും വിജിലന്‍സ് കണ്ടെത്തി. എന്‍ജിനീയര്‍ പി ടി ബാബു കുറച്ചുകാലമായി വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ തുടര്‍നടപടികള്‍ക്കായി വിജിലന്‍സ് ഡയറക്ടറേറ്റിന് വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കും. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ പി ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
