വിയന്ന ആക്രമണം: രക്ഷാപ്രവര്‍ത്തകരായി മുസ്‌ലിം യുവാക്കള്‍
പോലിസുകാരന്റെ കൈയിലേറ്റ മുറിവ് കെട്ടി രക്തസ്രാവം നിയന്ത്രിക്കാന്‍ ശ്രമിച്ചു. ധരിച്ചിരുന്ന വസ്ത്രം കീറിയാണ് ഉസാമ അദ്ദേഹത്തിന്റെ മുറിവു കെട്ടിയത്
വിയന്ന: വിയന്നയില്‍ നാലുപേര്‍ കൊല്ലപ്പെടാനിടയാക്കിയ സായുധാക്രമണത്തില്‍ രക്ഷാപ്രവര്‍ത്തകരായത് മൂന്നു മുസ്‌ലിം യുവാക്കള്‍. റസ്റ്റോറന്റ് ജീവനക്കാരായ ഉസാമ ജോദ, മൈക്കിള്‍ ഉസൈന്‍, റജബ് ഗാല്‍റ്റെകിന്‍ എന്നിവരുടെ സമയോചിത പ്രവര്‍ത്തനം പോലിസുകാരന്‍ ഉള്‍പ്പടെയുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
കൊവിഡിനെ തുടര്‍ന്നുളള രണ്ടാമത്തെ ലോക്ഡൗണ്‍ നടപടികള്‍ പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പുള്ള തിരക്കേറിയ ദിവസത്തിലാണ് മധ്യ വിയന്നയില്‍ സായുധാക്രമണമുണ്ടായത്. ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുന്ന സായുധന്റെ 20 മീറ്റര്‍ മാത്രം അകലെയുണ്ടായിരുന്ന ഉസാമ ഉടന്‍ തന്നെ പാര്‍ക്കിലെ കോണ്‍ക്രീറ്റ് ബെഞ്ചിനു പിറകിലേക്കു മാറി. ഇതിനിടെ വെടിയേറ്റുവീണ പോലിസ് ഉദ്യോഗസ്ഥനെ ഉസാമ അക്രമി കാണാതെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയിട്ടു. മൈക്കിളും റജബും ഇതിന് സഹായിക്കാനെത്തി. പോലിസുകാരന്റെ കൈയിലേറ്റ മുറിവ് കെട്ടി രക്തസ്രാവം നിയന്ത്രിക്കാന്‍ ശ്രമിച്ചു. ധരിച്ചിരുന്ന വസ്ത്രം കീറിയാണ് ഉസാമ അദ്ദേഹത്തിന്റെ മുറിവു കെട്ടിയത്. പോലിസുകാരനെ ആശുപത്രിയിലെത്തിച്ചതും ഉസാമയാണ്. പ്രായമായ ഒരു സ്്ത്രീയെയും വേറെ മറ്റു ചിലരെയും അതിനു മുന്‍പ് ഉസാമയും സംഘവും അക്രമികളില്‍ നിന്നും സംരക്ഷിച്ചു.
സായുധാക്രമണത്തിനിടെ ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്നതിനിടയിലും മറ്റുള്ളവരെ സഹായിച്ചതിന് ഉസാമയെയും സുഹൃത്തുക്കളെയും വിയന്ന മേയര്‍ ഓഫിസിലേക്കു വിളിച്ച് അഭിനന്ദനം അറിയിച്ചു.