ആകാശത്തേക്ക് വെടിവയ്ക്കുന്ന വീഡിയോ വൈറലായി: യുവാക്കള്‍ക്കെതിരേ യുപി പോലിസ് കേസെടുത്തു
സാംഭാള്: ആകാശത്തേക്ക് വെടിവയ്ക്കുന്ന വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് വൈറലാക്കിയ യുവാക്കള്‍ക്കെതിരേ കേസെടുത്തു. മൂന്നു മാസം മുമ്പാണ് വൈറലായ വീഡിയോ ചിത്രീകരിച്ചതെന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വീഡിയോ ചിത്രീകരിച്ച യുവാക്കളെയും പോലിസ് തിരിച്ചറിഞ്ഞതായി സാംഭാള് എസ് പി ചക്രേശ് മിശ്ര പറഞ്ഞു.
കഴിഞ്ഞ ആഴ്ചയിലും സമാനമായ സംഭവം ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്ന് റിപോര്‍ട്ട് ചെയ്തിരുന്നു. ഒരു സ്വകാര്യ ആഘോഷത്തിന്റെ ചടങ്ങിലാണ് യുവാക്കള്‍ ആകാശത്തേക്ക് വെടിവച്ച് രംഗം ചിത്രീകരിച്ച് ഫെയ്സ്ബുക്കിലിട്ടത്. അതിനെതിരതേയും പോലിസ് കേസെടുത്തിരുന്നു.
വെടിവെപ്പില്‍ പങ്കെടുത്തവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും തോക്കിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും പോലിസ് അറിയിച്ചു.