തിരഞ്ഞെടുപ്പ് കമ്മീഷനെതിരേയുള്ള വീഡിയോ നീക്കം ചെയ്തില്ല; എക്‌സിനെതിരേ കേസ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ പ്രചരിച്ച എഐ വീഡിയോ നീക്കം ചെയ്യാത്തതിന് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിനെതിരേ സൈബര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. കമ്മീഷന്റെ നിര്‍ദേശപ്രകാരം വീഡിയോ നീക്കം ചെയ്യാന്‍ പോലിസ് എക്‌സിന് നിര്‍ദേശം നല്‍കിയിരുന്നു. രണ്ടു മണിക്കൂര്‍ സമയപരിധിക്കുള്ളില്‍ വീഡിയോ നീക്കം ചെയ്യാത്തതാണ് കേസിന് കാരണമായത്. വീഡിയോ പങ്കുവച്ച അക്കൗണ്ട് ഉടമയെയും പോലിസ് പ്രതി ചേര്‍ത്തിട്ടുണ്ട്. കമ്മീഷന്‍ വിളിച്ച യോഗത്തിലും എക്‌സ് നിലപാട് വ്യക്തമാക്കിയിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനെതിരായി കണ്ടെത്തിയ 320 ഫേസ്ബുക്ക് പോസ്റ്റുകളും ഇന്‍സ്റ്റഗ്രാമിലെ 59 പോസ്റ്റുകളും ഇതിനകം നീക്കം ചെയ്തതായി സൈബര്‍ വിഭാഗം അറിയിച്ചു. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാവുന്ന വ്യാജവിവരങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങളും നിയന്ത്രിക്കാന്‍ കര്‍ശന നിര്‍ദേശങ്ങളാണ് കമ്മീഷന്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സൈബര്‍ പട്രോളിങ്ങിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ ഉടന്‍ തന്നെ കമ്മീഷനെ അറിയിച്ച്, അതനുസരിച്ചാണ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതെന്നും പോലിസ് അറിയിച്ചു.