ഗസയിലെ മൃഗങ്ങളെ പരിപാലിക്കാന്‍ ഇനി അവരുടെ പ്രിയ ഡോക്ടര്‍ ഇല്ല; മൃഗഡോക്ടര്‍ മുഅത്ത് അബു റുക്ബ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്

Update: 2025-10-20 06:48 GMT

ഗസ: കാണാതായ ഗസയിലെ പ്രശസ്തനായ മൃഗഡോക്ടര്‍ മുഅത്ത് അബു റുക്ബ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. ഗസയില്‍ ഇപ്പോഴും ജോലി ചെയ്യുന്ന ചുരുക്കം ചില മൃഗഡോക്ടര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ഗസയിലെ മൃഗങ്ങളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന സുലാല അനിമല്‍ റെസ്‌ക്യൂവിലെ ഡോക്ടറാണ് മുഅത്ത് അബു റുക്ബ. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം അബു റുക്ബയെ കാണാതാവുകയായിരുന്നു.

മൃഗങ്ങള്‍ക്കായി ജീവിതം മാറ്റിവച്ച ഡോക്‌റാണ് മുഅത്ത് അബു റുക്ബ. ബോംബാക്രമണത്തില്‍ ദുരിതം അനുഭവിക്കുന്ന സഹജീവികളെ അദ്ദേഹം വെള്ളവും ഭക്ഷണവും നല്‍കി പരിപാലിച്ചു. മനുഷ്യന്റെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ക്ഷേമം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന ആശയം ഉള്‍ക്കൊണ്ടുകൊണ്ടാണ് അദ്ദേഹം ജീവിച്ചത്.

ഗസയിലെ പരിക്കേറ്റ മൃഗങ്ങളെയും കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ ഗതാഗതത്തിനായി ഉപയോഗിക്കുന്ന കഴുതകളെയും കുതിരകളെയും അദ്ദേഹം ചികില്‍സിച്ചു. സഹജീവികളോടുള്ള അനുകമ്പക്ക് പേരുകേട്ട ഡോക്ടര്‍ കൂടിയാണ് മുഅത്ത് അബു റുക്ബ. അന്താരാഷ്ട്ര വെറ്ററിനറി, മൃഗക്ഷേമ സമൂഹം അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Tags: