ലോക്ക് കം ബ്രിഡ്ജ് നിര്‍മാണം തീരുമാനമാക്കാതെ വള്ളങ്ങള്‍ കടത്തിവിടില്ല: ചീര്‍പ്പ് പാലം സമരസമിതി
ആക്ഷന്‍ കമ്മറ്റി അംഗങ്ങളെയും ജലവിഭവ വകുപ്പ് മന്ത്രിയെയും സ്പീക്കറുടെ ചേംബറില്‍ വിളിച്ചു വരുത്തി കിഫ്ബി യില്‍ പദ്ധതി ഉള്‍പ്പെടുത്തി ഒരു മാസത്തിനകം നിര്‍മ്മാണം ആരംഭിക്കാമെന്നു് ഉറപ്പു നല്‍കി. എന്നാല്‍ ഒരു വര്‍ഷമായിട്ടും നിര്‍മാണം ആരംഭിച്ചില്ല.
പൊന്നാനി: ലോക്ക് കം ബ്രിഡ്ജ് നിര്‍മാണം തീരുമാനമാക്കാതെ ചാംപ്യന്‍സ് സ്‌പോര്‍ട്ട്‌സ് ലീഗ് വള്ളംകളി മത്സരത്തിന് ചുണ്ടന്‍ വള്ളങ്ങള്‍ കടത്തിവിടില്ലെന്ന് ചീര്‍പ്പ് പാലം സമര സമിതി അധികൃതരെ അറിയിച്ചു. മല്‍സരത്തിനുള്ള വള്ളങ്ങള്‍ എത്തിക്കുന്നതിനു വേണ്ടി വെളിയങ്കോട് ചീര്‍പ്പ് പാലം പ്രദേശത്തെ കനോലി കനാലിന് കുറുകെയുള്ള നടപ്പാലം പൊളിച്ചുനീക്കാന്‍ സര്‍ക്കാര്‍ തീരുമാനമായിരുന്നു. ഇക്കാര്യം ജനങ്ങളെ അറിയിക്കാനെത്തിയ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് അധികൃതരേയാണ് സമരസമിതിയും നാട്ടുകാരും പ്രതിഷേധം അറിയിച്ചത്.
പ്രതിദിനം അഞ്ഞൂറോളം ബൈക്കുകളും നൂറുകണക്കിന് യാത്രക്കാരും സഞ്ചരിക്കുന്നതാണ് നാട്ടുകാര്‍ നിര്‍മ്മിച്ച ഈ മരപ്പാലം. 40 വര്‍ഷത്തോളമായി മുടങ്ങിക്കിടക്കുന്ന ചീര്‍പ്പ് പാലം ലോക്ക് കം ബ്രിഡ്ജ് പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങുന്നതിനെക്കുറിച്ച് വ്യക്തമായ ഉറപ്പ് ലഭിക്കാതെ പൊളിക്കാന്‍ അനുവദിക്കുകയില്ലെന്ന് സമരക്കാര്‍ അധികൃതരെ അറിയിച്ചു. രേഖാമൂലം ഉറപ്പ് ലഭിക്കണമെന്നും നാട്ടുകാര്‍ അറിയിച്ചു. തുടര്‍ന്ന് യോഗം തീരുമാനമാവാതെ പിരിയുകയും ജനങ്ങളുടെ ഈ ആവശ്യം കലക്ടറെയും സ്പീക്കറെയും തഹസില്‍ദാറെയും രേഖാമൂലം അറിയിക്കാമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിക്കുകയും ചെയ്തു.
2017 ലെ സപ്ലിമെന്ററി ബജറ്റില്‍ 25 കോടി ഈ പദ്ധതിക്കു വേണ്ടി അനുവദിച്ചിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തിനു ശേഷം ജനങ്ങളുടെ പ്രതിഷേധം ഭയന്ന് ആക്ഷന്‍ കമ്മറ്റി അംഗങ്ങളെയും ജലവിഭവ വകുപ്പ് മന്ത്രിയെയും സ്പീക്കറുടെ ചേംബറില്‍ വിളിച്ചു വരുത്തി കിഫ്ബി യില്‍ പദ്ധതി ഉള്‍പ്പെടുത്തി ഒരു മാസത്തിനകം നിര്‍മ്മാണം ആരംഭിക്കാമെന്നു് ഉറപ്പു നല്‍കി. എന്നാല്‍ ഒരു വര്‍ഷമായിട്ടും നിര്‍മാണം ആരംഭിച്ചില്ല.
ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ മൂന്ന് മാസം മുമ്പ് സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് 30 കോടി ചിലവഴിച്ച് പദ്ധതി നിര്‍മ്മാണം തുടങ്ങുമെന്ന് സ്പീക്കര്‍ പ്രസ്താവനയിറക്കുകയും പത്രങ്ങളില്‍ വാര്‍ത്ത വരുകയും ചെയ്തതാണ്. നാളിതുവരെയായിട്ടും നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങുകയോ ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങുകയോ ചെയ്യാത്ത സാഹചര്യത്തില്‍ വ്യക്തമായ ഉറപ്പ് ലഭിക്കാതെ പാലം പൊളിക്കാന്‍ അനുവദിക്കുകയോ ചാമ്പ്യന്‍സ് ലീഗിലേക്ക് വള്ളങ്ങള്‍ കടത്തിവിടുകയോ ചെയ്യില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.
