വാഹനങ്ങള്‍ തകര്‍ത്തു, മില്ലിന് തീയിട്ടു; താമരശ്ശേരിയില്‍ യുവാവിന്റെ അതിക്രമം

Update: 2026-02-13 06:13 GMT

കോഴിക്കോട്: താമരശ്ശേരി വെളിമണ്ണയില്‍ യുവാവിന്റെ അതിക്രമം. മോഷ്ടിച്ച പിക്കപ്പ് വാന്‍ ഉപയോഗിച്ച് റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ ഇടിച്ചുതകര്‍ത്തതോടൊപ്പം സമീപത്തെ വെളിച്ചെണ്ണ മില്ലിന് തീയിട്ടു. വെളിമണ്ണ സ്വദേശിയായ അബ്ദുല്‍ റാസിക്കാണ് സംഭവത്തിന് പിന്നില്‍. കത്തിനശിച്ച മില്ലിന്റെ ഉടമയുടെ മറ്റൊരു സ്ഥാപനത്തില്‍ ഇയാള്‍ ജോലി ചെയ്തിരുന്നുവെന്ന് പോലിസ് അറിയിച്ചു. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.

താക്കോല്‍ വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്ന പിക്കപ്പ് വാന്‍ പെട്രോള്‍ പമ്പില്‍ നിന്ന് എടുത്ത ശേഷം പ്രതി വെളിമണ്ണയില്‍ എത്തി റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ ഇടിച്ചുതകര്‍ത്തു. തുടര്‍ന്ന് 'ഗ്രീന്‍ പ്ലസ്' എന്ന വെളിച്ചെണ്ണ മില്ലില്‍ തീയിടുകയായിരുന്നു. മില്ലിനടുത്ത് നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സിന്റെ ടയറും കത്തി നശിച്ചു.

പുലര്‍ച്ചെ ഒരുമണിയോടെ താമരശ്ശേരി ചുങ്കത്ത് നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് കൈക്കലാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഓമശ്ശേരി മങ്ങാട് പ്രദേശത്തെ പെട്രോള്‍ പമ്പില്‍ എത്തി. എന്നാല്‍ പിക്കപ്പിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് അത് അവിടെ ഉപേക്ഷിച്ച് പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു പിക്കപ്പ് വാന്‍ എടുത്ത് സ്ഥലത്തുനിന്ന് കടന്നു. വാഹനം പ്രതിയുടെ വീട്ടുമുറ്റത്ത് നിന്ന് നാട്ടുകാര്‍ കണ്ടെത്തി. പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളെ കണ്ടെത്തുന്നതിനായി പോലിസ് അന്വേഷണം ആരംഭിച്ചു.

Tags: