ലോകായുക്ത ഇനി കുരയ്ക്കുകയേ ഉള്ളൂ, കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് വരുത്തിയെന്നും വിഡി സതീശന്‍

കേരളത്തില്‍ അഴിമതിക്ക് വെള്ളവും വളവും നല്‍കിയ മുഖ്യമന്ത്രി എന്ന നിലയിലാകും പിണറായി വിജയന്‍ അറിയപ്പെടുക

Update: 2022-02-07 07:15 GMT

തിരുവനന്തപുരം: ലോകായുക്ത ഭേദഗതിയോടെ ലോകായുക്ത കുരയ്ക്കുകയേ ഉള്ളൂ, കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് വരുത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിക്ക് ഇനി ഭയപ്പെടേണ്ടതില്ല. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ സൗന്ദര്യ പിണക്കമുണ്ടായിരുന്നു. അത് ഒത്തു തീര്‍പ്പിലെത്തിയെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇത് ഒത്തുകളിയാണെന്ന് നേരത്തെ തന്നെ ഞങ്ങള്‍ സൂചിപ്പിച്ചിരുന്നു. നടന്നത് കൊടുക്കല്‍ വാങ്ങലാണ്. ഇടത് മുന്നണിയുടെ അഴിമതി വിരുദ്ധ മുഖത്തേക്ക് തുറിച്ച് നോക്കുന്ന സംഭവമാണിത്. കേരളത്തില്‍ അഴിമതിക്ക് വെള്ളവും വളവും നല്‍കിയ മുഖ്യമന്ത്രി എന്ന നിലയിലാകും പിണറായി വിജയന്‍ അറിയപ്പെടുക. നിയമസഭയെ മുഖ്യമന്ത്രിയും ഗവര്‍ണറും അവഹേളിച്ചു. ഇനി എന്തിനാണ് നിയമസഭയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

സംസ്ഥാനത്തെ ഒരു ബിജെപി നേതാവിനെ ഗവര്‍ണറുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിയമിക്കാനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫിസിലാണെന്ന് മാധ്യമവാര്‍ത്തകളുണ്ട്. ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഒരു കൊടുക്കല്‍ വാങ്ങല്‍ സംഭവിച്ചിരുക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. 

സര്‍വകലാശാല വിഷയത്തില്‍ സര്‍ക്കാരിന്റെ നിയമ വിരുദ്ധമായ കാര്യങ്ങള്‍ക്ക് ഗവര്‍ണര്‍ കുടപിടിക്കുകയാണ് ചെയ്തത്. ഇടനിലക്കാര്‍ ആരൊക്കെയെന്ന് പുറത്ത് വരും. ലോകായുക്തയെ ദുര്‍ബലപ്പെടുത്തിയതിനെതിരേ നിയമപരമായി മുന്നോട്ട് പോകും. ഘടക കക്ഷികളുമായി പോലും ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വപ്നയുടെ വെളിപ്പെടുത്തലില്‍ സ്വര്‍ണകള്ളകടത്തില്‍ തുടരന്വേഷണം. ശിവശങ്കരന്‍ സര്‍ക്കാറിന്റെ നാവായി പ്രവര്‍ത്തിക്കുകയാണ്. അതിന് കിട്ടിയ തിരിച്ചടിയാണ് കൂട്ടുപ്രതിയുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി നിരപരാധിയാണെന്ന് പറയുന്ന ശബ്ദരേഖ തെറ്റെന്ന വെളിപ്പെടുത്തലില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. സ്വന്തം വകുപ്പില്‍ ഇത്രയും വലിയ സംഭവം നടന്നിട്ടും മുഖ്യമന്ത്രി അറിയിലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല. സിപിഎം, ബിജെപി ഒത്തുകളി വഴിയാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മരവിപ്പിച്ചത്. സ്വപ്നയുടെ ശമ്പളം തിരിച്ചു പിടിക്കാന്‍ നടപടിയുണ്ടായില്ലെന്നും സതീശന്‍ പറഞ്ഞു.


Tags:    

Similar News