ധീരജിന്റെ കൊല ദൗര്‍ഭാഗ്യകരം; കൊലപാതകം സുധാകരന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും വിഡി സതീശന്‍

Update: 2022-01-11 08:00 GMT

തിരുവനന്തപുരം: ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനിയറിങ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഇത്തരം കൊലപാതകങ്ങളെ പിന്തുണയ്ക്കില്ല. പോലിസിന് ഗുരുതര വീഴചയുണ്ടായി. പോലിസിന്റെ സാന്നിധ്യത്തിലാണ് അക്രമം നടന്നത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ തലയില്‍ കൊലപാതകം കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. സംസ്ഥാനത്ത് വ്യാപകമായി അക്രമം നടക്കുകയാണെന്നും ഇത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും സതീശന്‍ പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് ഒരു ക്രിമിനല്‍ ശൈലിയും സ്വീകരിക്കുന്നില്ല. സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏറ്റവുമധികം പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണ്. കൊലക്കേസ് പ്രതികളെ ജയിലില്‍ കാണാന്‍ പോകുന്നയാളാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി. കൊലക്കത്തി താഴെ വയ്ക്കാന്‍ സിപിഎം അണികളോട് പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

ധീരജ് രാജേന്ദ്രനെ കുത്തിവീഴ്ത്തിയ യൂത്ത് കോണ്‍ഗ്രസ് വാഴത്തൊപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളജ് പരിസരത്ത് എത്തിയതെന്നാണ് നിഖില്‍ പോലിസിനോട് പറഞ്ഞത്.


Tags: