വിസി നിയമനം ചാന്‍സിലറുടെ അധികാരം; കോടതിയുടെ ഇടപെടലിനെതിരേ ഗവര്‍ണര്‍

Update: 2025-12-14 10:27 GMT

തിരുവനന്തപുരം: സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം ചാന്‍സിലര്‍ക്കാണെന്നും, കോടതികള്‍ നേരിട്ട് വിസി നിയമിക്കുന്നത് ശരിയായ രീതിയല്ലെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. യുജിസി നിയമത്തില്‍ തന്നെ വിസി നിയമിക്കേണ്ടത് ചാന്‍സിലറാണെന്ന് വ്യക്തമായി പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി നടപടികള്‍ക്കുമേല്‍ വിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍, മുന്‍ ചീഫ് ജസ്റ്റിസും കേരളത്തിന്റെ മുന്‍ ഗവര്‍ണറുമായിരുന്ന വി സദാശിവത്തിന് വി ആര്‍ കൃഷ്ണയ്യര്‍ പുരസ്‌കാരം നല്‍കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു. ഒരേ വിഷയത്തിലും സമാന സാഹചര്യങ്ങളിലും പോലും കോടതികളോ ന്യായാധിപന്മാരോ വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതില്‍ തനിക്ക് അത്ഭുതമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ ഇത്തരം നിലപാടുകള്‍ എപ്പോഴും ആശ്ചര്യപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ നിലവില്‍ സര്‍വകലാശാലാ വിഷയങ്ങള്‍ വ്യാപകമായി ചര്‍ച്ചയാകുന്ന പശ്ചാത്തലത്തിലാണ് ഈ വിമര്‍ശനം. കണ്ണൂര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട കേസില്‍ മൂന്നു ജഡ്ജിമാര്‍ ചേര്‍ന്ന് പുറപ്പെടുവിച്ച സുപ്രിംകോടതി വിധി യുജിസിയുടെ അവകാശങ്ങളെയും ചാന്‍സിലറെന്ന നിലയില്‍ ഗവര്‍ണറെയും ഒരുപോലെ ബഹുമാനിക്കുന്നതായിരുന്നുവെന്ന് രാജേന്ദ്ര ആര്‍ലേക്കര്‍ ചൂണ്ടിക്കാട്ടി. സമീപകാലത്ത് സുപ്രിംകോടതിയില്‍ എത്തിയ സാങ്കേതിക സര്‍വകലാശാലയുടെയും ഡിജിറ്റല്‍ സര്‍വകലാശാലയുടെയും വിസി നിയമന വിഷയങ്ങളിലാണ് ഗവര്‍ണര്‍ പ്രത്യേകമായി വിമര്‍ശനം ഉന്നയിച്ചത്. യുജിസി ചട്ടങ്ങളും കണ്ണൂര്‍ സര്‍വകലാശാലയിലെ വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയും വിസി നിയമനത്തിലുള്ള അധികാരം ചാന്‍സിലര്‍ക്കാണെന്ന് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പകരം സെര്‍ച്ച് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ മറികടന്ന് സുപ്രിംകോടതി തന്നെ വിസിയെ നിയമിക്കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ട ഗവര്‍ണര്‍, നാളെ ഭരണഘടനാ സ്ഥാപനങ്ങളോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും ഇതേ രീതിയില്‍ കോടതി പെരുമാറുമോ എന്ന ചോദ്യവും ഉന്നയിച്ചു.

വിസി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരും ചാന്‍സിലറായ ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം സുപ്രിംകോടതിയില്‍ എത്തിയതിനെ തുടര്‍ന്ന് ഇരുപക്ഷങ്ങളോടും സമവായത്തിലെത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സമവായം ഉണ്ടാകാതിരുന്ന സാഹചര്യത്തില്‍ സുപ്രിംകോടതി നേരിട്ട് വിഷയത്തില്‍ ഇടപെട്ടതിലാണ് ഗവര്‍ണര്‍ അസന്തോഷം രേഖപ്പെടുത്തിയത്.

Tags: