'വിബി ജി റാം ജി' ബില്ല്; മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം (വീഡിയോ)

Update: 2025-12-16 08:24 GMT

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പുനര്‍നാമകരണത്തിനെതിരേ പാര്‍ലമെന്റിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് സമീപം പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. മഹാത്മാഗാന്ധിയുടെ ഫോട്ടോകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധം. അതേസമയം, ബഹളത്തെ തുടര്‍ന്ന് ലോക്സഭാ നടപടികള്‍ ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവച്ചു.

പാവപ്പെട്ടവര്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യാത്ത വന്ദേമാതരം പോലുള്ള വിഷയങ്ങളില്‍ ദീര്‍ഘമായ ചര്‍ച്ചയ്ക്ക് സര്‍ക്കാരിന് സമയമുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ എംഎന്‍ആര്‍ഇജിഎയുടെ പേര് മാറ്റുന്നതിനുള്ള ബില്‍ കൊണ്ടുവരികയാണെന്നും ശിരോമണി അകാലിദള്‍ (എസ്എഡി) എംപി ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞു.

പുതിയ ബില്ല് ദരിദ്രരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്ന് ഹര്‍സിമ്രത് കൗര്‍ ആരോപിച്ചു. ശ്രീരാമന്റെ മറവില്‍ ബിജെപി സര്‍ക്കാര്‍ എംഎന്‍ആര്‍ഇജിഎ നിര്‍ത്തലാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാരിന്റെ അജണ്ട വ്യക്തമാണ്, ദരിദ്രരുടെ ക്ഷേമവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, ഗ്രാമീണ തൊഴിലവസരങ്ങള്‍ ശക്തിപ്പെടുത്തുകയും പുതിയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പദ്ധതികള്‍ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രതിപക്ഷം അനാവശ്യമായി വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ബിജെപി എംപി ദിനേശ് ശര്‍മ്മ പറഞ്ഞു.

Tags: