കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികില്‍സയില്‍ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യ നില വീണ്ടും ഗുരുതരമായി. നേരത്തെ അദ്ദേഹത്തിന്റെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലേക്ക് വന്നിരുന്നു. മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് രോഗം മൂര്‍ച്ഛിച്ചു. ചൊവ്വാഴ്ച അദ്ദേഹം ഡോക്ടര്‍മാരുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നു. ഇപ്പോഴും വെന്‍ഡിലേറ്ററിലാണ് കഴിയുന്നത്.
കോട്ടയം, കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. മൂന്നു ദിവസമായി പ്രദേശത്ത് കണ്ടുവന്ന മൂര്‍ഖന്‍ പാമ്പിനെ പിടിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. കല്ലുകള്‍ക്ക് ഇടയിലുണ്ടായിരുന്ന പാമ്പിനെ പിടികൂടി ചാക്കിനുള്ളില്‍ കയറ്റുന്നതിനിടെ പെട്ടെന്ന് കടിയേല്‍ക്കുകയായിരുന്നു. സുരേഷിന്റെ വലതു കാലിലാണ് പാമ്പ് കടിച്ചത്.
ചികിത്സയിലുള്ള വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് മന്ത്രി ചോദിച്ചറിയുകയും ചെയ്തു.
കാലില്‍ കടിയേറ്റ സുരേഷിനെ കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ ഇദ്ദേഹം ബോധരഹിതനായിരുന്നു.