ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കില്ല; സര്‍ക്കാര്‍ പ്രതിനിധിയുടെ മാത്രം അഭിപ്രായത്തിന് സാധുതയില്ല
തിരുവനന്തപുരം: അമൂല്യ നിധി ശേഖരം സൂക്ഷിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി നിലവറ' എന്നറിയപ്പെടുന്ന ഭരതകോണ്‍ നിലവറ തുറക്കില്ല. ക്ഷേത്രതന്ത്രി ഉള്‍പ്പെടെ 5 അംഗങ്ങളുള്ള ഭരണസമിതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി മാത്രമാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. സര്‍ക്കാര്‍ പ്രതിനിധിയുടെ മാത്രം അഭിപ്രായത്തിന് സാധുതയില്ല. മറ്റ് അംഗങ്ങള്‍ക്ക് ഇതിനോട് യോജിപ്പില്ലെന്നാണ് സൂചന. നിലവറ തുറക്കണമെങ്കില്‍ ഉപദേശകസമിതിയും ഭരണസമിതിയും ചേര്‍ന്ന് തീരുമാനമെടുക്കണമെന്നാണ് സുപ്രിംകോടതിയുടെ നിര്‍ദേശം.
സുപ്രിംകോടതി നിര്‍ദേശിച്ച തരത്തിലുള്ള അഞ്ചംഗ ഭരണസമിതിക്കാണ് ക്ഷേത്രത്തിന്റെ ഭരണം. ബി നിലവറ തുറക്കാന്‍ ശ്രമിച്ചാല്‍ ഭക്തരുടെ ഭാഗത്ത് നിന്ന് ശക്തമായ എതിര്‍പ്പുണ്ടാകുമെന്നും പറയുന്നു. ഇപ്പോള്‍ തന്നെ വിവിധ ഭക്തജന സംഘടനകള്‍ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തില്‍ എല്ലാ നിലവറകളും തുറന്നു പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് 2011ല്‍ എ നിലവറ ഉള്‍പ്പെടെ തുറന്ന് കണക്കെടുപ്പ് നടത്തിയിരുന്നു. പക്ഷെ, ബി നിലവറ തുറക്കുന്നതില്‍ രാജകുടുംബം എതിര്‍പ്പ് അറിയിച്ചു. ഇതിനു പിന്നാലെയാണ് തീരുമാനം ഉപദേശകസമിതിക്കും ഭരണ സമിതിക്കും വിട്ടത്.
