വക്കത്ത് യുവതി ട്രെയിന്‍ തട്ടി മരിച്ച സംഭവം കൊലപാതകം; അയല്‍വാസി മോഹനന്‍ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം വക്കത്ത് സ്ത്രീയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. എല്‍ഐസി ഏജന്റായ ജെസി(53)യുടെ മരണമാണ് കൊലപാതകമെന്നു പോലിസ് കണ്ടെത്തിയത്.
ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ ജെസിയെ സുഹൃത്തും അയല്‍ക്കാരനുമായ മോഹനന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലിസ് പറഞ്ഞു. മോഹനനെ പോലിസ് അറസ്റ്റു ചെയ്തു.
ഡിസംബര്‍ 18നാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ ജെസിയുടെ മൃതദേഹം റെയില്‍ പാളത്തിനരികില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ജെസി ശ്വാസംമുട്ടിയാണു മരിച്ചതെന്നു സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണു പ്രതി അറസ്റ്റിലായത്. കൊല നടന്ന ദിവസം ജെസി ഒട്ടോറിക്ഷയില്‍ മോഹനനുമായി യാത്ര ചെയ്തതായി ദൃക്‌സാക്ഷി മൊഴിയും പോലിസിന് ലഭിച്ചിരുന്നു.
രണ്ടു വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച ജെസി മോഹനനുമായി അടുപ്പം പുലര്‍ത്തിയിരുന്നു. സ്വര്‍ണം പണയം വച്ചു കുറച്ചു പണം വേണമെന്ന് മോഹനന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജെസി ഇതു നല്‍കിയില്ല. ഇതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചത്.പ്രതിയെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി.