കസ്റ്റഡിയില്‍ എടുത്ത യുവതിയെ പീഡിപ്പിച്ചെന്ന് ആരോപണം; വടകര ഡിവൈഎസ്പി എ ഉമേഷിന് സസ്‌പെന്‍ഷന്‍

Update: 2025-11-30 07:26 GMT

കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിക്കു പിന്നാലെ വടകര ഡിവൈഎസ്പി എ ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു. പോലിസ് എന്ന പദവി ഉപയോഗിച്ച് ഗുരുതരമായ കുറ്റകൃത്യം ഉമേഷ് നടത്തിയെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്.

വടക്കാഞ്ചേരി സിഐ ആയിരുന്നപ്പോള്‍ അനാശാസ്യ കേസില്‍ കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിക്കുകയും കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നതുമാണ് ഉമേഷിന് എതിരായ അന്വേഷണ റിപോര്‍ട്ടിലെ കണ്ടെത്തല്‍. പോലിസെന്ന ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്തുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ ഉമേഷ് മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരുന്നു.

ഡിവൈഎസ്പിക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ പാലക്കാട് എസ്പി സംസ്ഥാന പോലിസ് മേധാവിക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. അനാശാസ്യ കേസില്‍ അറസ്റ്റിലായ ഒരു യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നായിരുന്നു ആത്മഹത്യ ചെയ്ത ചെര്‍പ്പുളശ്ശേരി സിഐ ബിനു തോമസ് ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരുന്നത്. കഴിഞ്ഞ ദിവസം ഇതേ യുവതി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മൊഴി നല്‍കിയിരുന്നു. ഡിവൈഎസ്പി തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും തനിക്കൊപ്പം പിടിയിലായവരില്‍ നിന്ന് ഡിവൈഎസ്പി കൈക്കൂലി വാങ്ങിയതായും യുവതി പറഞ്ഞു.

Tags: