സജീവന്റെ കസ്റ്റഡി മരണം;വടകര സ്റ്റേഷനിലെ മുഴുവന്‍ പോലിസുകാര്‍ക്കും സ്ഥലംമാറ്റം

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് 66 പോലിസുകാര്‍ക്കെതിരേ നടപടിയുണ്ടായിരിക്കുന്നത്

Update: 2022-07-26 05:49 GMT

വടകര:പോലിസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ സംഭവത്തില്‍ വടകര പോലിസ് സ്‌റ്റേഷനിലെ പോലിസുകാര്‍ക്കെതിരേ അച്ചടക്ക നടപടി.മുഴുവന്‍ പോലിസുകാരേയും സ്ഥലം മാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് 66 പോലിസുകാര്‍ക്കെതിരേ നടപടിയുണ്ടായിരിക്കുന്നത്.രണ്ട് പോലിസുകാരെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കസ്റ്റഡി മരണത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു.സംഭവത്തില്‍ ആഭ്യന്തര അന്വേഷണ റിപോര്‍ട്ട് ഐജി കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.സജീവന് പ്രാഥമിക ചികില്‍സ നല്‍കുന്നതില്‍ ഗുരുതര വീഴ്ച പോലിസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നാണ് ഐജിയുടെ കണ്ടെത്തല്‍.നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പോലിസ് കാര്യമായി എടുത്തില്ല. സഹായിക്കാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിച്ചു. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്ന് റിപോര്‍ട്ടില്‍ ചൂണ്ടികാട്ടിയിരിക്കുന്നത്. ഉത്തരമേഖല ഐജി ടി വിക്രമാണ് റിപോര്‍ട്ട് പോലിസ് മേധാവിയ്ക്ക് കൈമാറിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്നാരോപിച്ച് പോലിസ് സജീവനെ കസ്റ്റഡിയിലെടുത്തത്.വ്യാഴാഴ്ച രാത്രി 11.30ഓടെ വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയായിരുന്നു. ഒടുവില്‍ പോലിസെത്തി സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്‌റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവന്റെ സുഹൃത്തായിരുന്നു കാര്‍ ഓടിച്ചിരുന്നതെങ്കിലും മദ്യപിച്ചെന്ന പേരില്‍ സബ് ഇന്‍സ്‌പെകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സജീവനൊപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു. കസ്റ്റഡിയില്‍ വച്ച് നെഞ്ച് വേദന അനുഭവപ്പെട്ട സജീവനെ ഗ്യാസിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് മുക്കാല്‍ മണിക്കൂറുകളോളം സ്‌റ്റേഷനില്‍ ഇരുത്തുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു.ആശുപത്രിയില്‍ പോകണം എന്ന് പറഞ്ഞിട്ടും പോലിസ് സമ്മതിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

സ്‌റ്റേഷനിലെ നടപടികള്‍ പൂര്‍ത്തിയാക്കി പോലിസ് വിട്ടയച്ചതിന് പിന്നാലെ സജീവന്‍ സ്‌റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.പോലിസുകാര്‍ തിരിഞ്ഞു നോക്ക്ന്‍ തയ്യാറായില്ലെന്നും, ഒടുവില്‍ ഓട്ടോറിക്ഷക്കാരുടെ സഹായത്തോടെയാണ് വടകര സഹകരണ ആശുപത്രിയിലെത്തിച്ചതെന്നും സജീവനൊപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Tags:    

Similar News