ചര്‍മരോഗ വിഭാഗത്തിന്റെ പരസ്യത്തില്‍ മോര്‍ഗന്‍ ഫ്രീമാന്റെ ചിത്രം ഉപയോഗിച്ച് വടകര സഹകരണ ആശുപത്രി

Update: 2022-01-31 10:31 GMT

കോഴിക്കോട്; വടകര സഹകരണ ആശുപത്രിയില്‍ ചര്‍മ രോഗവിഭാഗത്തിന്റെ പരസ്യത്തില്‍ നല്‍കിയത് പ്രശസ്ത അമേരിക്കന്‍  നടനും സംവിധായകനുമായ മോര്‍ഗന്‍ ഫ്രീമാന്റെ ചിത്രം. എഴുത്തുകാരിയായ ശ്രീപാര്‍വതിയാണ് ആശുപത്രിക്കാര്‍ പുറത്തിറക്കിയ പരസ്യത്തിന്റെ ചിത്രം വിമര്‍ശനസഹിതം ഫേസ് ബുക്കിലൂടെ പങ്കുവച്ചത്. ചര്‍മരോഗത്തിന്റെ പരസ്യത്തില്‍ ഒരു കറുത്തവര്‍ഗക്കാരന്റെ ചിത്രം എടുത്ത് ഉപയോഗിച്ചതിനെതിരേ പിന്നീട് കേരളത്തിലെ പല പ്രമുഖരും രംഗത്തുവന്നു. 

കറുത്ത നിറവും കുരുക്കള്‍ നിറഞ്ഞതുമായ മുഖം എന്ന നിലയിലാണ് മോര്‍ഗന്‍ ഫ്രീമാനെ തിരഞ്ഞെടുത്തതത്രെ. 

അരിമ്പാറ, ഉണ്ണി, പാലുണ്ണി, സ്‌കിന്‍ടാഗ് എന്നിവ ഓപിയില്‍ വച്ച് നീക്കം ചെയ്യുന്നുവെന്ന് പറയുന്ന പരസ്യത്തില്‍ അതു ചെയ്തുതരുന്ന ഡോക്ടര്‍മാരുടെ പേരുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തിനു പകരം നെല്‍സന്‍ മണ്ടേലയുടെ ചിത്രമാണ് ഉപയോഗിക്കാന്‍ ഉദ്ദേശിച്ചിരുന്നതെന്ന് ചിത്രം പങ്കുവച്ച ശ്രീപാര്‍വതി ജി പി രാമചന്ദ്രന്റെ പോസ്റ്റിന് എഴുതിയ കമന്റില്‍ പറയുന്നു.

പരസ്യം ആശുപത്രി അധികൃതര്‍ പിന്‍വലിച്ചിട്ടുണ്ട്. ശ്രീപാര്‍വതി തന്നെയാണ് ഈ വിവരവും പുറത്തുവിട്ടത്.



 


Tags: