വടക്കഞ്ചേരി അപകടം: മരിച്ച കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് തുകയായി 10 ലക്ഷം

Update: 2022-10-07 17:51 GMT

തിരുവനന്തപുരം: വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസ്സില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് തുകയായ 10 ലക്ഷം രൂപ വീതം വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി തുടങ്ങി. 2014 ലെ കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ആക്ട് പദ്ധതിപ്രകാരം യാത്രക്കാര്‍ക്കു നല്‍കിവരുന്ന അപകട ഇന്‍ഷ്വറന്‍സ് പ്രകാരമാണ് തുക നല്‍കുന്നത്. ഇതില്‍ നിന്നും അടിയന്തര സഹായമെന്ന നിലയില്‍ രണ്ടുലക്ഷം രൂപ തിങ്കളാഴ്ച തന്നെ അപകടത്തില്‍ മരിച്ച രോഹിത് രാജിന്റെ കുടുംബത്തിന് കൈമാറും.

ബാക്കിയുള്ള എട്ടുലക്ഷം രൂപ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ലഭ്യമാക്കും. മറ്റ് മരണമടഞ്ഞ രണ്ടുപേരുടേയും മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് 10 ലക്ഷം നല്‍കും. അപകടത്തില്‍ മരിച്ച കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് വേഗത്തില്‍ ഇന്‍ഷ്വറന്‍സ് തുക ലഭ്യമാവുന്നതിനുവേണ്ടി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് ഇത്രയും വേഗത്തില്‍ തുക ലഭ്യമാവുന്നത്.

ന്യൂ ഇന്ത്യ അഷ്വറന്‍സ് കോ ലിമിറ്റഡ് നിന്നാണ് യാത്രക്കാര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്തിയിരിക്കുന്നത്. ഇതിനായി യാത്രക്കാരില്‍ നിന്നും ടിക്കറ്റ് ചാര്‍ജിനൊപ്പം ഒരു രൂപ മുതല്‍ നാമമാത്രമായ സെസ് തുക സമാഹരിച്ചും മറ്റുമായി ഏതാണ്ട് രണ്ടുകോടിയില്‍ അധികം രൂപ പ്രതിവര്‍ഷം പ്രീമിയം നല്‍കിയാണ് കെഎസ്ആര്‍ടിസി മേല്‍ ഇന്‍ഷൂറന്‍സ് പദ്ധതി ബസ് ഇന്‍ഷൂറന്‍സിന് പുറമെ നടപ്പാക്കിവരുന്നത്.

മോട്ടോര്‍ ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് ഉപരിയായാണ് സെസ് ഇന്‍ഷുറന്‍സ് നല്‍കുന്നത്. അപകടത്തില്‍ പരിക്കേറ്റവര്‍ക്കും അംഗഭംഗം വന്നവര്‍ക്കും ചികില്‍സാ നഷ്ടപരിഹാരത്തിനും സെസ് ഇന്‍ഷുറന്‍സില്‍ വ്യവസ്ഥയുണ്ട്. ഇത് കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്ത മറ്റ് യാത്രകാര്‍ക്കും ക്ലെയിം വരുന്ന മുറയ്ക്ക് സെസ് ഇന്‍ഷുറന്‍സില്‍ നിന്ന് ലഭിക്കും.

Tags:    

Similar News