വാക്‌സിന്‍ കുത്തിവയ്പ്പ്: അമേരിക്കന്‍ പകര്‍ച്ചവ്യാധി പ്രതിരോധ കേന്ദ്രം മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി നിശ്ചയിച്ചു
വാഷിങ്ടണ്‍: കൊവിഡ് വാക്‌സിന്‍ കുത്തിവയ്‌പ്പെടുക്കുന്നവരില്‍ കടുത്ത പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അമേരിക്കന്‍ ഡിസീസ് കണ്‍ട്രോള്‍ പ്രിവന്‍ഷന്‍ കേന്ദ്രം കുത്തിവയ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി നിശ്ചയിച്ചു.
കുത്തിവയ്‌പ്പെടുത്ത ചിലര്‍ക്ക് കടുത്ത അലര്‍ജി പോലുള്ള ലക്ഷണങ്ങള്‍ കാണുന്നു. കടുത്ത അലര്‍ജി എന്നതുകൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട അസുഖബാധയെന്നാണ് ഉദ്ദേശിക്കുന്നത്- ദി ഹില്‍ റിപോര്‍ട്ട് ചെയ്തു.
ആദ്യ ഡോസ് എടുത്തശേഷം അലര്‍ജി കാണുകയാണെങ്കില്‍ രണ്ടാമത്തെ ഡോസ് കുത്തിവയ്‌പ്പെടുക്കരുത്. അതേസമയം നേരത്തെത്തന്നെ അലര്‍ജിപോലുള്ള അസുഖങ്ങളുണ്ടെങ്കില്‍ രണ്ടാമത്തെ ഡോസ് എടുക്കാവുന്നതാണ്- റിപോര്‍ട്ടില്‍ പറയുന്നു.
കുത്തിവയ്‌പ്പെടുക്കും മുമ്പ് ഡോക്ടര്‍മാരെ കാണുന്നതും നല്ലതാണ്.
ഫൈസര്‍ വാക്‌സിന്‍ കുത്തിവയ്‌പ്പെടുത്ത ശേഷം ഏതാനും പേര്‍ക്ക് ചില പാര്‍ശ്വഫലങ്ങള്‍ കണ്ട സാഹചര്യത്തിലാണ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പരിശോധന നടത്തിയത്. അലാസ്‌കയില്‍ ഫൈസര്‍ വാക്‌സിന്‍ കുത്തവയ്‌പ്പെടുത്തശേഷം 5 പേര്‍ക്ക് കടുത്ത പാര്‍ശ്വഫലം അനുഭവപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
വാക്‌സിനില്‍ ഉള്‍പ്പെട്ട പോളിഎത്തിലിന്‍ ഗ്ലൈക്കോളാണ് പ്രശ്‌നമെന്നാണ് കരുതുന്നതെന്ന് സെന്റര്‍ ഫോര്‍ ബയോലോജിക്‌സ് ഇവാല്യുവേഷന്‍ ആന്റ് റിസര്‍ച്ച് പറഞ്ഞു.
കടുത്ത അലര്‍ജിക്കാര്‍ വാക്‌സിന്‍ കുത്തിവയ്‌പ്പെടുക്കുന്നത് ഒഴിവാക്കാമെന്നും റിപോര്‍ട്ട് പറയുന്നു.
