വാക്‌സിന്‍ വില അന്യായം; സിറം ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കുന്നത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വിലക്കെന്നും മുഖ്യമന്ത്രി

'ഏതു സ്ഥാനത്തിരുന്നാലും വിടുവായത്തം പറയാന്‍ പേരുകേട്ടയാള്‍'-വി മുരളീധരനെ പരിഹസിച്ച് മുഖ്യമന്ത്രി

Update: 2021-04-24 14:18 GMT

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സിറം ഇന്‍സ്റ്റിറ്റിയൂട്ട് വാസ്‌കിന്റെ വില ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. അത് ന്യായവില അല്ല എന്ന് തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന് സൗജന്യമായും സ്വകാര്യ ആശുപത്രികള്‍ക്ക് താങ്ങാവുന്ന വിലക്കും വാക്‌സിന്‍ നല്‍കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് ഇന്നും കത്തയച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് സിറം ഇന്‍സ്റ്റിറ്റിയുട്ട് വാക്‌സിന്‍ നല്‍കുന്നത് 300 രൂപക്കാണ്്(4ഡോളര്‍). സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്ക് നല്‍കുന്നതും വിലകുറച്ചാണ്.

ഓക്‌സിജന്‍ ലഭ്യതയുടെ കാര്യത്തില്‍ സര്‍ക്കാരിന് ആശങ്കയില്ല. എന്നാല്‍ കിടത്തിച്ചികില്‍സക്കുള്ള കിടക്കകള്‍ ഒരുപക്ഷേ കൂടുതല്‍ വേണ്ടിവന്നേക്കാം. വാക്‌സിന്‍ കൂടുതല്‍ ലഭിച്ചാല്‍ മാത്രമേ ഒന്നാം തിയതി മുതല്‍ കൃത്യമായി വാക്‌സിന്‍ നല്‍കാന്‍ കഴിയുകയുള്ളൂ. അതിനാല്‍ വാക്‌സിന്‍ ലഭ്യത പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ ഓക്‌സിജന്‍ നല്‍കാന്‍ കഴിയുന്ന ഉല്‍പാദനമുള്ള സംസ്ഥാനമല്ല കേരളം. പ്രതിപക്ഷ നേതാവിനും വി മുരളീധരനും മറുപടി നല്‍കാതിരിക്കലാണ് നല്ലതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് പേര്‍ പ്രതിപക്ഷ നേതാവെന്ന നിലക്ക് മല്‍സരിക്കുകയാണ്. ഏതൊരു പ്രതിപക്ഷ നേതാവിനും സമൂഹത്തോട് ബാധ്യതയുണ്ട്. അവരുടെ നിലപാട് ആശ്ചകരമാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക സിപിഎം അക്കൗണ്ടുകളിലേക്കാണെന്ന വി മുരളീധരന്റെ ആരോപണത്തിന്, അവരവര്‍ ചെയ്തിട്ടുള്ളത്, കണ്ടിട്ടുള്ളത്, ശീലിച്ചിട്ടുള്ളത്-അതാണ് മറ്റെല്ലാവരും ചെയ്യുന്നതെന്ന് കരുതരുത്. ഏതു സ്ഥാനത്തിരുന്നാലും വിടുവായത്തം പറയാന്‍ പേരുകേട്ടയാളാണ്. രാഷ്ട്രീയ വേര്‍തിരിവില്ലാതെ എല്ലാവരും സഹകരിക്കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.



Tags: