വാക്‌സിന്‍ മിഷന്‍: വിദേശകാര്യമന്ത്രി ജയ്ശങ്കറിന്റെ യുഎസ് സന്ദര്‍ശനം ഇന്നു തുടങ്ങും

Update: 2021-05-24 00:59 GMT

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ യുഎസ് സന്ദര്‍ശനം ഇന്നു ആരംഭിക്കും. കൊവിഡ് വാക്‌സിന്‍ ലഭ്യതയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കുവേണ്ടിയാണ് ജയ്ശങ്കര്‍ അമേരിക്ക സന്ദര്‍ശിക്കുന്നത്. മെയ് 24 മുതല്‍ മെയ് 28 വരെ നാല് ദിവസമാണ് ജയ്ശങ്കര്‍ യുഎസ്സിലുണ്ടാവുകയെന്ന് കഴിഞ്ഞ ആഴ്ച വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.

യുഎസ് സന്ദര്‍ശനത്തില്‍ അദ്ദേഹം യുഎസ് സെക്രട്ടറി ജനറല്‍ അന്റോണിയൊ ഗുട്ട്‌റസ്സുമായി കൂടിക്കാഴ്ചനടത്തുന്നുണ്ട്. പിന്നീട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്രിങ്കനുമായി വാഷിങ്ടണ്‍ ഡിസിയില്‍ വച്ച കാണാനാണ് പദ്ധതി. കൂടാതെ കാബിനറ്റിലെ മറ്റ് അംഗങ്ങളെയും കാണുന്നുണ്ട്. കഴിയാവുന്നിടത്തോളം വാക്സിന്‍ ഇന്ത്യയിലെത്തിക്കുകയെന്നതാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം. ഇന്ത്യക്കു പുറമെ ഇന്ത്യയിലെ അയല്‍രാജ്യങ്ങള്‍ക്കുവേണ്ടിയും ജയ്ശങ്കര്‍ ഇടപെടുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

വാക്സിന്‍ കമ്പനി പ്രതിനിധികളെയും അദ്ദേഹം നേരില്‍ കണ്ട് ചര്‍ച്ച നടത്തും. ഫൈസര്‍, ബയോഎന്‍ടെക്, മൊഡേര്‍ണ, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ തുടങ്ങിയ വാക്സിനുകളുടെ 20 ദശലക്ഷം ഡോസുകള്‍ ജൂണ്‍ അവസാനത്തോടെ ആവശ്യമുള്ള രാജ്യങ്ങളിലേക്ക് കയറ്റിയയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജൊ ബെയ്ഡന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതേ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും കയറ്റുമതി പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ദിവസം ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ കെ അബ്ദുള്‍ മേമന്‍ ജയ്ശങ്കറിനെ കണ്ട് വാക്സിന്‍ ലഭ്യതയ്ക്കുവേണ്ടി ശ്രമം നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ശ്രീലങ്ക, മാലദ്വീപ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കുവേണ്ടിയും ജയ്ശങ്കര്‍ ഇടപെടും.

വാക്സിനുമായി ബന്ധപ്പെട്ട് രണ്ട് ബിസിനസ് സംഘടനകളുമായി ജയ്ശങ്കര്‍ സംസാരിക്കുന്നുണ്ട്. കഴിഞ്ഞ മാസം ജി7 വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തില്‍ വച്ച് ജയ്ശങ്കര്‍ ബ്ലിങ്കനെ കണ്ടിരുന്നു. ഇന്ത്യയുടെ അമേരിക്കന്‍ അംബാസിഡര്‍ തരന്‍ജിത് സിങ് സന്ധു ഇതിനകം നിരവധി പ്രധാന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞിട്ടുണ്ട്. ഫൈസര്‍ സിഇഇ ആര്‍ബര്‍ട്ട് ബോര്‍ല, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ സിഇഒ അലക്സ് ഗോര്‍ക്കി, വാക്സിന്‍ അസംസ്‌കൃതവസ്തുക്കളുടെ ഉല്‍പാദകര്‍, റെംഡെസിവിര്‍ പോലുള്ള മരുന്നുകളുടെ നിര്‍മാതാക്കള്‍ എന്നിവരുമായും ചര്‍ച്ച നടത്തിയിരുന്നു.

Tags: