കേന്ദ്രം തന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ കുത്തിവച്ചു; വാക്‌സിന്‍ പാഴാക്കാതെ ഉപയോഗിച്ച നഴ്‌സുമാര്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

Update: 2021-05-04 13:27 GMT

തിരുവനന്തപുരം: വാക്‌സിന്‍ പാഴാക്കാതെ ഉപയോഗിച്ചതുവഴി കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ നഴ്‌സുമാര്‍ക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക അഭിനന്ദനം. വേയ്‌സ്റ്റേജ് ഫാക്ടറ്ററായി വിതരണം ചെയ്ത അധിക വാക്‌സിന്‍ കൂടെ നല്‍കാന്‍ കഴിഞ്ഞതിലൂടെ കൂടുതല്‍ പേരെ വാക്‌സിനേഷന് വിധേയമാക്കിയതിനാണ് മുഖ്യമന്ത്രി നഴ്‌സുമാരെ അഭിനന്ദിച്ചത്. 

കേന്ദ്ര സര്‍ക്കാരില്‍ നിന്നും കേരളത്തിന് ലഭിച്ചത് 73,38,860 ഡോസുകളാണ്. എന്നാല്‍ കേരളം ഇതുവരെ 74,26,164 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഓരോ വാക്‌സിന്‍ വൈലിനകത്തും പത്തു ഡോസ് കൂടാതെ വേയ്‌സ്റ്റേജ് ഫാക്റ്റര്‍ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാല്‍ ഈ അധിക ഡോസ് കൂടെ നല്‍കാന്‍ സാധിച്ചതിലൂടെയാണ് കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞത്.

നിലവില്‍ 3,15,580 ഡോസ് വാക്‌സിന്‍ കൂടെയാണ് സംസ്ഥാനത്തുള്ളത്. കേന്ദ്ര സര്‍ക്കാര്‍ തന്നതില്‍ കൂടുതല്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

''അതീവ ശ്രദ്ധയോടെ വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചത് ആരോഗ്യപ്രവര്‍ത്തകരുടെ, പ്രത്യേകിച്ച് നഴ്‌സുമാരുടെ, മിടുക്കു കൊണ്ടാണ്. ആരോഗ്യപ്രവര്‍ത്തകരെ ഇക്കാര്യത്തില്‍ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. അഭിമാനാര്‍ഹമായ വിധത്തിലാണ് ഈ പ്രതിസന്ധിഘട്ടത്തില്‍ അവര്‍ പ്രവര്‍ത്തിച്ചത്''- മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

രാജ്യത്ത് ഏറ്റവും കുറവ് വാക്‌സിന്‍ പാഴാക്കിക്കളയുന്നത് കേരളത്തിലാണ്. തമിഴ്‌നാടാണ് ഇക്കാര്യത്തില്‍ മുന്നില്‍.

ഒന്നുകില്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കുന്ന തരത്തില്‍ രാജ്യത്തെ വാക്‌സിന്‍ സപ്‌ളൈ ഉറപ്പു വരുത്തുകയെങ്കിലും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്നും, വാക്‌സിന്‍ ദൗര്‍ലഭ്യം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ കേന്ദ്ര സര്‍ക്കാരിനെ ഇതിനോടകം ബന്ധപ്പെട്ട് കഴിഞ്ഞതാണ്. രോഗം ഇത്തരത്തില്‍ വ്യാപിക്കുന്ന സമയത്ത് പരമാവധി ആളുകളെ വാക്‌സിനേറ്റ് ചെയ്യുക എന്നത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Similar News