നേമത്ത് കുമ്മനത്തിനെതിരേ വി ശിവന്‍കുട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

Update: 2021-03-03 11:19 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി ശിവന്‍കുട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിലാണ് വി ശിവന്‍കുട്ടിയുടെ പേര് ഉയര്‍ന്ന് വന്നത്. അടുത്തദിവസങ്ങളിലായി നടക്കുന്ന സംസ്ഥാനസമിതിയില്‍ സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനമാവും.

കഴിഞ്ഞ തവണ ഒ രാജഗോപാലിനോട് മല്‍സരിച്ച് വി ശിവന്‍കുട്ടി നേമത്ത് പരാജയപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും വിജയസാധ്യത ഇടതുപക്ഷത്തിനാണെന്നും ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി.

കുമ്മനം രാജശേഖരന്‍ ഒരുമാസമായി മണ്ഡലത്തില്‍ വീട് വാടകയ്്‌ക്കെടുത്ത് താമസിക്കുകയാണ്. ഔദ്യോഗികമായി കുമ്മനം രാജശേഖരനെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മണ്ഡലത്തില്‍ കുമ്മനം സജീവമാണ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയന്‍ തോമസിനെയാണ് പരിഗണിക്കുന്നത്.

ജില്ലയില്‍ ആറ്റിങ്ങല്‍ ഒഴികെ മറ്റു മണ്ഡലങ്ങളില്‍ സിറ്റിങ് എംഎല്‍എമാരെ മല്‍സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്. സംവരണ മണ്ഡലമായ ആറ്റിങ്ങലില്‍ സിറ്റിങ് എല്‍എല്‍എ ബി സത്യന് പകരം ചിറയിന്‍കീഴ് ബ്ലോക്കംഗം ഒ എസ് അംബികയാണ് സാധ്യത പട്ടികയിലുള്ളത്. വര്‍ക്കലയില്‍ വി ജോയ്, വാമനപുരത്ത് ഡികെ മുരളി, കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍, അരുവിക്കരയില്‍ വികെ മധു,കാട്ടാക്കടയില്‍ ഐബി സതീഷ്, നെയ്യാറ്റിന്‍കയില്‍ ആന്‍സലന്‍, വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്ത് എന്നിവരാണ് സാധ്യത പട്ടികയിലുള്ളത്.

Tags:    

Similar News