സ്കൂള്‍ കുട്ടി ലഹരി കാരിയറായ സംഭവം, വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി

Update: 2022-12-07 11:43 GMT


കോഴിക്കോട്: അഴിയൂരിൽ 13 കാരിയായ വിദ്യാര്‍ത്ഥിനി ലഹരിമരുന്ന് കാരിയറായ സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി. ഡിഡിഇ സ്കൂളിലെത്തി പരിശോധന നടത്തി. കുട്ടിയെ പഠനത്തിലേക്ക് കൊണ്ടുവരാന്‍ സ്കൂളിന് നിര്‍ദ്ദേശം നല്‍കി. കുട്ടിയിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തുകയാണ്. കൗണ്‍സിലറുടെ സാന്നിധ്യത്തില്‍ വടകര വനിത സെല്ലിലാണ് മൊഴിയെടുപ്പ്. കുട്ടിയുടെ സ്കൂളില്‍ സര്‍വ്വകക്ഷിയോഗം തുടങ്ങി.


ലഹരിയുടെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കുമെന്നും സ്കൂളിലും പരിസരത്തും പരിശോധന ശക്തമാക്കുമെന്നും എക്സൈസ് അറിയിച്ചു. ബൈക്കിൽ ലഹരി എത്തിക്കുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശനനടപടി എടുക്കും. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം സ്കൂളിലെത്തി അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. കുട്ടിയെ ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചതിനും കയ്യിൽ കയറി പിടിച്ചതിനും നാട്ടുകാരനായ യുവാവിനെതിരെ പോക്സോ കേസെടുത്ത് ചോമ്പാല പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാൽ പ്രതിക്കെതിരെ ഇതുവരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Similar News